Categories: Kerala News

ഇടിച്ചതിന് ശേഷം കാറിന്റെ ബോണറ്റില്‍ കുടുങ്ങി പുള്ളിപ്പുലി; ഹൃദയഭേദകമായ വീഡിയോ സോഷ്യല്‍മീഡിയയില്‍

ഹൈവേയില്‍ വെച്ച് നടന്ന അപകടത്തിനിടെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകം. കാടിറങ്ങി റോഡിലെത്തിയ ഒരു പുളളിപ്പുലി ഓടിയെത്തിയ കാറിന് അടിയില്‍പ്പെടുകയായിരുന്നു. പുലിയെ ഇടിച്ച ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയതിനാല്‍ ജീവന് അപകടമുണ്ടായില്ല. പക്ഷെ കാറിന്റെ ബോണറ്റില്‍ പുലി കുടുങ്ങിപ്പോയി. ശരീരത്തിന്റെ പിന്‍കാലുകള്‍ ഉള്‍പ്പെടെ പുലിയുടെ പകുതിഭാഗം കാറിന്റെ ബോണറ്റിലും മുന്‍ഭാഗത്തെ ടയറിനിടയിലും കുടുങ്ങി. ഇതോടെ പുറത്തുകടക്കാനാകാതെ പുലിയും പെട്ടു പോയി. എതിര്‍ദിശയില്‍ പോയ ട്രക്ക് ഡ്രൈവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം കാറിന്റെ ഡ്രൈവര്‍ വാഹനം അല്‍പം പിന്നോട്ട് എടുത്തതോടെ പുലി രക്ഷപ്പെടുകയായിരുന്നു.

ഗതാഗത മന്ത്രാലയത്തെയും ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരിയെയും ഒക്കെ ടാഗ് ചെയ്ത് ട്വിറ്ററില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വനമേഖലയില്‍ വന്യജീവികളുടെ സൈ്വര്യ സഞ്ചാരത്തിന് വഴിയൊരുക്കണമെന്ന ആവശ്യത്തോടെയും ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. അലക്ഷ്യമായ ഡ്രൈവിങ് ആണ് അപകടത്തിന് ഇടയാക്കിയതെന്ന കുറ്റപ്പെടുത്തലുകളുമുണ്ട്.

വൈല്‍ഡ് ആന്റ് പെയിന്‍ഫുള്‍ എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പുള്ളിപ്പുലി രക്ഷപ്പെടുന്നതിന്റെ വീഡിയോ പങ്കുവെച്ച് നടി രവീണ ടണ്ടന്‍ കുറിച്ചു, ”ഈ സുന്ദരനായ പുള്ളിപ്പുലിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു… ഗുരുതരമായി പരിക്കേറ്റെങ്കിലും അവന്‍ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവന്‍ കാട്ടിലേക്ക് രക്ഷപ്പെടും. ഇവയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുമെന്നും നടി പറയുന്നു.

Gargi