ശിഷ്യന്റെ പടത്തിനു ആശാന്റെ പ്രശംസ; റിവ്യൂവുമായി ലിജോ ജോസ് പെല്ലിശ്ശേരി

മലയാളത്തിലെ യുവനിര സംവിധായകരില്‍ തനതായ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ആളാണ് ടിനു പാപ്പച്ചന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ ആണ് ആ ചിത്രം. എന്നാല്‍ തന്‍റെ ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വേറിട്ട ശൈലിയിലാണ് ടിനു ചാവേര്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് തന്നെ ഇതൊരു അപ്രതീക്ഷിത അനുഭവമായിരുന്നു. ഒരു മുഴുനീള ആക്ഷന്‍ പടം പ്രതീക്ഷിച്ചെത്തിയവര്‍ തെല്ല് നിരാശയും പ്രകടിപ്പിച്ചിരുന്നു. അതേസമയം ചിത്രം ഇഷ്ടപ്പെടുന്നവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ ടിനുവിന്‍റെ ചിത്രത്തെക്കുറിച്ച് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ​ഗുരു കൂടിയായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സോഷ്യല്‍ മീഡിയയിലൂടെയാണ് ലിജോയുടെ കുറിപ്പ്.നിരപരാധിയുടെ ജീവനെടുത്ത ശേഷം ജീപ്പിനകത്തോടി കയറിയ സംഘത്തിൽ നമ്മളുമുണ്ട്. അതിവേഗത്തിൽ പായുന്ന ഒരു മോട്ടോർ വാഹനത്തിനകത്തിരുന്ന് ബോംബ് സ്ഫോടനത്തിന്റെ മുഴക്കവും ഇരുട്ടും ചതിയും മരണവീടിന്റെ അലറിക്കരച്ചിലും ആൾക്കൂട്ടത്തിന്റെ ഇരമ്പവും കടന്ന്‌ മൂടൽ മഞ്ഞിലെ ചുവപ്പിനകത്തെ കട്ടച്ചോരയിൽ വെടിയേറ്റ് വീണവരുടെ ജഡങ്ങൾക്കിടയിലെ ഇരയും വേട്ടക്കാരനും നമ്മുടെ മുന്നിൽ കെട്ടുപിണഞ്ഞു കിടന്നു. ഇങ്ങനെയാണ് ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത് . പക്ഷെ സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച സ്‌ക്രിപ്റ്റിനോട് ടിനു പാപ്പച്ചൻ  നീതി പുലര്‍ത്തിയെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥയും കാലഹരണപ്പെട്ട പ്രമേയവും സിനിമ പരാജയമാകാന്‍ കാരണമായി എന്നാണു ഏറിയ പങ്ക് പ്രേക്ഷകരും പറയുന്നത് . അതോടോപ്പ രണ്ടുകൊല്ലം മുന്‍പ് ഇറങ്ങിയ സിദ്ധാര്‍ഥ് ശിവയുടെ ‘എന്നിവര്‍’ എന്ന സിനിമയെ കോപ്പിയടിച്ച പ്രമേയമാണിതെന്നും ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പെപ്പെ കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ക്കും വേണ്ടത്ര ശ്രദ്ധപിടിച്ചുപറ്റാനായില്ല. കേരളത്തിനകത്തും പുറത്തുമെല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പൂര്‍ണ പരാജയമായതോടെ സിനിമ ഉടന്‍ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയേക്കും. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ചാക്കോച്ചനൊപ്പം മനോജ് കെ യു, അര്‍ജുന്‍ അശോകന്‍, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ മികവാർന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണവും എഡിറ്റിംഗും ജസ്റ്റിൻ വർഗീസന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്. സിനിമ ഇറങ്ങിയ ഉടൻ മോശം റിവ്യൂ ചെയ്ത് സിനിമയെ തകർക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് നടനും ചാവേർ സിനിമയുടെ നിർമാതാവുമായ അരുൺ നാരായണൻ. സിനിമ ഒരു വലിയ പണച്ചെലവുള്ള വ്യവസായമാണ്. അതിനെ ആശ്രയിച്ചു നിൽക്കുന്നവരാണ് റിവ്യൂ ചെയ്യുന്നവരും. ഹോട്ടലിൽ പോയി ബിരിയാണി കഴിച്ചിട്ട് മോശമാണെങ്കിൽ പുറത്ത് വന്നു വിഡിയോ ചെയ്യുമോ എന്ന് ചാവേറിന്റെ നിർമാതാവ് അരുൺ നാരായണൻ ചോദിക്കുന്നു. നല്ല സിനിമയെ റിവ്യൂ പറഞ്ഞു തകർക്കാൻ കഴിയില്ലെങ്കിലും മോശം നിരൂപണങ്ങൾ സിനിമയുടെ ആദ്യദിവസത്തെ കളക്ഷനെ ബാധിക്കുന്നുണ്ടെന്ന് സിനിമയുടെ സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞു. ചാവേർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സിനിമയുടെ അണിയറപ്രവർത്തകർ. റിവ്യൂ ചെയ്യേണ്ടവര്‍ക്ക് അത് ചെയ്യാം അത് ഒരാഴ്ച കഴിഞ്ഞ് ചെയ്താന്‍ ഓക്കേയാണ്. നിങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തിന് പ്രശ്നം വരുന്നില്ല എന്നാണ് ചാവേര്‍ സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറഞ്ഞത്. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്, ഫ്ലോപ്പ് എന്നീ രണ്ട് കാറ്റഗറി ചിത്രമേ ഉള്ളൂ. അവറേജ് ഹിറ്റ് ഉണ്ടാക്കാനുള്ള സമയം നിങ്ങള്‍ നല്‍കുന്നില്ല എന്നും ടിനു പാപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

Sreekumar R