സൂര്യ നായകനായെത്തിയ ജെയ് ഭീമില്‍ മികച്ച പ്രകടനമാണ് മലയാളികളുടെ സ്വന്തം ലിജോ മോള് കാഴ്ച വെച്ചത്. ചിത്രത്തിന് ശേഷം താരത്തിന്റെ പുതിയ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി. ”മഹേഷിന്റെ പ്രതികാരം’ കണ്ടാണ് ആദ്യ തമിഴ് സിനിമ ‘സിവപ്പ് മഞ്ഞള്‍ പച്ചൈ’യിലേക്കു വിളിക്കുന്നത്. പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞാണ് ജയ് ഭീം ചെയ്യുന്നത്. ജയ് ഭീമിനു ശേഷം ഇടവേള വന്നെന്നു പറയാനാവില്ല.
ആ സിനിമയ്ക്കു മുന്‍പു വന്നത് അത്ര നല്ല തിരക്കഥകളായിരുന്നില്ല. ജയ് ഭീമിനു ശേഷം തമിഴിലും മലയാളത്തിലും ഇപ്പോള്‍ നല്ല കഥകള്‍ തേടി വരുന്നുണ്ട്. പക്ഷേ, ഓടിനടന്നു സിനിമ ചെയ്യണമെന്നില്ല. കുറച്ചു പതിയെ പോയാലും നല്ല സിനിമകളുടെ ഭാഗമാകാം എന്നു കരുതി. ഇപ്പോള്‍ ‘അന്നപൂര്‍ണി’ എന്ന തമിഴ് സിനിമ ചെയ്യുന്നുണ്ട്. മലയാളത്തില്‍ പുലിമട എന്ന സിനിമയില്‍ ഒരു വേഷം ചെയ്തു, പിന്നെ, ഹെര്‍ എന്ന സിനിമയുമെന്നായിരുന്നു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ലിജോ മോള് വ്യക്തമാക്കിയത്.
അതേസമയം സിനിമയിലെ സ്ത്രീ സുരക്ഷയെ കുറിച്ച് ചോദിച്ചപ്പോള്‍ ലിജോ പറഞ്ഞത്, ‘മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടും മോശം അനുഭവം ഇതുവരെ എനിക്കുണ്ടായിട്ടില്ല. എന്നാല്‍, സിനിമാരംഗത്തെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള കൂട്ടായ്മകള്‍ വളരെ നല്ലതാണ്. ഇത്തരം കൂട്ടായ്മകള്‍ ഉള്ളതുകൊണ്ട് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പലതും തുറന്നുപറയുകയും പുറത്തുവരികയും ചെയ്യുന്നുണ്ട്. അതുപോലെ സ്ത്രീകളോടു കുറച്ചുകൂടി മാന്യമായി ഇടപെടുന്ന രീതി കൂടിയെന്നും തോന്നിയിട്ടുണ്ട്’
വിവാഹം കഴിഞ്ഞു എന്നു കരുതി സിനിമയില്‍ തുടരാന്‍ തനിക്കു ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും നടി വെളിപ്പെടുത്തി. അതെല്ലാം ഓരോ ആളുകളുടെയും വ്യക്തിപരമായ കാര്യങ്ങളായാണു കരുതുന്നത്. വിവാഹം കഴിഞ്ഞാല്‍ സിനിമാരംഗത്തെ മൂല്യം കുറയുമെന്ന തോന്നല്‍ മുന്‍പ് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെയുണ്ടെന്നു തോന്നുന്നില്ല. എന്റെ കാര്യത്തില്‍ ഭര്‍ത്താവ് അരുണ്‍ നല്ല പിന്തുണയാണ്. പോണ്ടിച്ചേരിയില്‍ അരുണിനു ബിസിനസ് ഉണ്ടായിരുന്നു. അതാണ് അവിടെ താമസിച്ചിരുന്നത്. ഇപ്പോള്‍ കൊച്ചിയിലേക്കു വന്നു. സ്വന്തമായി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് അരുണെന്നും നടി വ്യക്തമാക്കി.