Film News

‘കണ്‍കണ്ടത് നിജം കാണാത്തത് പൊയ്,നീ കണ്ടതെല്ലാം പൊയ്!! മലൈക്കോട്ടൈ വാലിബന്‍ ടീസര്‍

കാത്തിരിപ്പിനൊടുവില്‍ ആരാധക ലോകം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ടീസര്‍ എത്തി. ‘കണ്‍കണ്ടത് നിജം കാണാത്തത് പൊയ്,നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം” ലാലേട്ടന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ റിലീസായി. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പുതിയ അവതാരമാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. പീരിയഡ് ഡ്രാമയായ വാലിബന്‍ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള യൂഡ്ലി ഫിലിംസിന്റെ ആദ്യ ചിത്രമാണ്’മലൈക്കോട്ടൈ വാലിബന്‍’.

‘മലൈക്കോട്ടൈ വാലിബന്റെ ക്യാപ്റ്റന്‍ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്, അതിന്റെ ഒരു കാഴ്ച ഈ ടീസറില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും.” ടീസര്‍ പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചു. ‘മലൈക്കോട്ടൈ വാലിബന്‍’ 2024 ജനുവരി 25നാണ് തിയേറ്ററിലെത്തുന്നത്. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Anu