Film News

‘ലണ്ടന്‍ ഞങ്ങള് കോട്ടയമാക്കും… ന്യൂയോര്‍ക്ക് കൊച്ചിയാക്കും’!!! മലയാളി ഫ്രം ഇന്ത്യയിലെ പൊളി ഗാനമെത്തി

നിവിന്‍ പോളിയുടെ കരിയറില്‍ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന കോമഡി ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ചിത്രവുമാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ വരവേല്‍പ്പാണ് ആരാധകലോകം നല്‍കുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

വേള്‍ഡ് മലയാളി ആന്തെം എന്ന പേരിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. യൂട്യൂബില്‍ ഇതിനോടകം തന്നെ ട്രെന്‍ഡിങ്ങായിരിക്കുകയാണ് ഗാനം. ലണ്ടന്‍ ഞങ്ങള് കോട്ടയമാക്കും… ന്യൂയോര്‍ക്ക് കൊച്ചിയാക്കും എന്നു തുടങ്ങുന്നതാണ് ഗാനം. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദ്, സുഹൈല്‍ കോയ എന്നിവരുടെതാണ് വരികള്‍. അക്ഷയ് ഉണ്ണികൃഷ്ണന്‍, ജെയ്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ കൃഷ്ണ സോങ്ങും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായിരുന്നു.


മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു മുഴുനീള ഫാമിലി-കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. നിവിനൊപ്പം അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Anu B