‘റോഷാക്ക് ഒരു തവണ കണ്ടിട്ട് മനസ്സിലാകാതെ രണ്ടാം വട്ടം കണ്ടവരുണ്ട്’ മമ്മൂട്ടി

നിസാം ബഷീര്‍ സംവിധായകനായെത്തിയ മമ്മൂട്ടി ചിത്രം റോഷാക്കിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. റോഷാക്കിന്റെ വിജയം ആഘോഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രമോഷനിടെ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. റോഷാക്ക് ഒരു പരീക്ഷണ സിനിമയാണ്.

എല്ലാ സിനിമകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പരീക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ റോഷാക്കിന്റേത് വേറിട്ട സഞ്ചാരപാതയാണ്. ആ വ്യത്യസ്തതയ്ക്ക് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് നല്‍കിയത്. സിനിമയെ സൂക്ഷ്മവിശകലനം നടത്തിയുളള പ്രതികരണങ്ങള്‍ സന്തോഷം നല്‍കി. നിങ്ങളെന്റെ കൂടെ നില്‍ക്കൂ, കയ്യടിച്ച് മുന്നോട്ടുപോകാമെന്നും മമ്മൂട്ടി പറഞ്ഞു.

മനുഷ്യരിലെല്ലാവരിലും നന്മയും തിന്മയുമുണ്ട്. നമ്മള്‍ കാണാത്ത നിഗൂഢതകള്‍ എല്ലാവരിലുമുണ്ട്. സമൂഹത്തിലും. അത് സിനിമകളിലും പ്രതിഫലിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം അവരുടേതായ നീതിയും ന്യായവും ഉണ്ടാകും, ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കുമുണ്ട്. റോഷാക്ക് ഒരു തവണ കണ്ടിട്ട് മനസ്സിലാകാതെ രണ്ടാം വട്ടം കണ്ടവരുണ്ട്. മനപ്പൂര്‍വ്വമുണ്ടാക്കിയ ദുരൂഹതയല്ല, മറിച്ച് പ്രേക്ഷകന്റെ ശ്രദ്ധ തെറ്റിപ്പോയാല്‍ വിട്ടുപോയേക്കാവുന്ന ചില ബന്ധങ്ങള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ആദ്യ തവണ കണ്ടിട്ട് മനസിലായില്ലെന്നു പറയുന്നവരോട്, ഒരു തവണകൂടി കാണൂവെന്നാണ് പറയുന്നത്.

ഒന്നില്‍ കൂടുതല്‍ തവണ കാണുമ്പോള്‍ കൂടുതല്‍ സിനിമയെ മനസ്സിലാക്കാന്‍ കഴിയും. ചില പാട്ടുകള്‍ കൂടുതല്‍ കേള്‍ക്കുമ്പോള്‍ ഇഷ്ടപ്പെടുന്നതുപോലെ. പ്രേക്ഷകരാണ് സിനിമയെ നിലനിര്‍ത്തുന്നത്. മാറ്റങ്ങളിലൂടെ സിനിമ കടന്നുപോകുന്നുണ്ടെങ്കില്‍ അത് പ്രേക്ഷകരുടെ കൂടി മാറ്റമാണെന്നും മമ്മൂട്ടി പറയുന്നു. റോഷാക്കിന്റെ വിജയം കാണിക്കുന്നത് മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തിന്റെ ഉയര്‍ച്ചയാണെന്നും മമ്മൂട്ടി പറഞ്ഞു. മലയാള സിനിമാ പ്രേക്ഷകര്‍ ലോകത്തിനു തന്നെ മാതൃകയാണ്. ഒരുപക്ഷേ ഇന്ത്യയിലൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ ഒരു വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. മലയാള പ്രേക്ഷകരെ എനിക്ക് അത്രയും വിശ്വാസമുള്ളത് കൊണ്ടാണെന്ന് പറയുന്നു.

Gargi