മമ്മൂട്ടിയുടെ ഏജന്റ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം ?

സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ അഖിൽ അക്കിനേനിയും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഏജന്റ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ച ചിത്രമായിരുന്നു ഏജന്‍റ്. ചിത്രം തീയേറ്ററുകളിൽ പ്രതീക്ഷിച്ചത്ര വിജയം കണ്ടിരുന്നില്ല. ബോക്സ് ഓഫീസിൽ വലിയ പരാജയം നേരിട്ട ചിത്രം കൂടെ ആയിരുന്നു ഇത്.  മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത്. പുതുമുഖ നടി സാക്ഷി വൈദ്യ ആണ് നായികാ വേഷം ചെയ്തത്.വ്യാപക വിമര്‍ശനങ്ങളേയും തിയേറ്റര്‍ പരാജയത്തെ തുടര്‍ന്നും നിര്‍മാതാവ് അനില്‍ സുങ്കര ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.ഏജന്റ് ഞങ്ങള്‍ക്ക് പറ്റിയൊരു തെറ്റാണ്, ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല’ എന്നായിരുന്നു അനില്‍ സുങ്കര പ്രതികരിച്ചിരുന്നത്.ഏജന്റിന്റെ പരാജയത്തില്‍ പ്രതികരണവുമായി അഖില്‍ അക്കിനേനിയും രംഗത്തെത്തിയിരുന്നു. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും സിനിമ പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകരോട് സംവദിച്ചില്ലെന്നും ഒരു നല്ല സിനിമ നല്‍കാനായില്ലെന്നുമാണ് അഖില്‍ പറഞ്ഞത്.അതേസമയം ചിത്രത്തിൻറെ ഒടിടി റിലീസ് എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യങ്ങൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രം അഞ്ച് മാസത്തിനൊടുവിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സോണി ലിവൂടെയാണ് ഏജന്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സെപ്റ്റംബര്‍ 29 ന് സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ സിനിമയുടെ നിര്‍മ്മാതാവ് അനില്‍ സുങ്കരയും സോണി ലിവും തമ്മിലുള്ള സാമ്പത്തിക വിഷയമാണ് ഒടിടി റിലീസ് നീളാന്‍ കാരണമെന്ന് നേരത്തെ പ്രചരണം സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഏപ്രില്‍ 28 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. അതേസമയം തിയറ്ററിൽ പ്രദർശനത്തിനെത്തിയതിനു പിന്നാലെ ചിത്രം മെയ് 19 ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നാണ് ആരാധകർ വിചാരിച്ചിരുന്നത്.

എന്നാൽ അന്ന് സിനിമ റിലീസ് ചെയ്തിരുന്നില്ല. പിന്നീട് ജുണിൽ വരുമെന്ന റിപ്പോര്‍ട്ടുകളാണ് തെലുങ്ക് മാധ്യമങ്ങളുൾപ്പെടെ അന്ന് നൽകിയിരുന്നത്. എന്നാൽ ആ സമയത്തും ചിത്രം ഓടിടിയിൽ പ്രത്യക്ഷപ്പെട്ടില്ല. ഒടിടിക്ക് വേണ്ടി ചിത്രം വീണ്ടും എഡിറ്റ് ചെയ്യുന്നുവെന്നും പ്രചരണങ്ങൾ വന്നിരുന്നു. എന്നാൽ ഇങ്ങനെയുള്ള അടിസ്ഥാനമില്ലാത്ത പ്രചരണങ്ങൾക്കു പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി നിര്‍മ്മാതാവ് അനില്‍ സുങ്കര രംഗത്തെത്തിയിരുന്നു. എന്തായിരുന്നു കാരണമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഒടിടി സ്ട്രീമിംഗിനുവേണ്ടി ചിത്രം തയ്യാറാണെന്നും, ഇപ്പോഴുള്ള പ്രചരണങ്ങള്‍ യഥാർത്തമല്ലെന്നും തന്‍റെ ഭാഗത്തുനിന്ന് ഒടിടി റിലീസിനായി തടസങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി. എന്തുകൊണ്ടാണ് ചിത്രം വൈകുന്നുവെന്നതിന്റെ കാരണം സോണി ലിവിന് മാത്രമേ അറിയൂ എന്നാണ് അദ്ദേഹം പറഞ്ഞത്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായെത്തിയത്. എഡിറ്റിംഗ് ചെയ്തത് ദേശീയ അവാർഡ് ജേതാവായ നവീൻ നൂലിയായിരുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയത് ഹിപ്‌ഹോപ്പ് തമിഴയാണ് . ഛായാഗ്രഹണം നിർവഹിച്ചത് റസൂൽ എല്ലൂരും ആയിരുന്നു.  തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ഏജന്റ് തിയേറ്ററുകളിലെത്തിയത്.എന്തായാലും കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം ഒടിടിയിൽ എത്തുന്ന ആവേശത്തിലാണ് അഖിൽ അക്കിനേനിയുടെ  ആരാധകർ.

Sreekumar R