മൂന്ന് പതിറ്റാണ്ടിന് ശേഷം താരരാജാക്കന്മാര്‍ സകുടുംബം ഒരേ ഫ്രെയിമില്‍!! പുതിയ സന്തോഷം ഇങ്ങനെ

മലയാള സിനിമയുടെ നെടുംതൂണുകളാണ് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. മെഗാതാരങ്ങളെ ഒന്നിച്ച് കാണുന്നത് ആരാധകലോകത്തിന് ആനന്ദലഹരിയാണ്. സിനിമാ ലോകത്തേക്ക് ഒരുമിച്ചെത്തി നിരവധി ചിത്രങ്ങളും ഒരുമിച്ച് ചെയ്ത്, ഒരേ സമയം തന്നെ സൂപ്പര്‍ താരങ്ങളായി. ആരാധകര്‍ പലപ്പോഴും വൈകാരികമായി പ്രതികരിക്കുമ്പോഴും താരങ്ങള്‍ സിനിമയില്‍ ആരോഗ്യപരമായ മത്സരം നടത്തുമ്പോഴും ഉള്ളില്‍ എപ്പോഴും അത്രമേല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്.

ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന ചിത്രമാണ് വൈറലാകുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം താരകുടുംബങ്ങള്‍ ഒരേ ഫ്രെയിമില്‍ എത്തിയിരിക്കുകയാണ്. ആരാധകര്‍ ഇത് ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം എ അഷ്‌റഫ് അലിയുടെ മകള്‍ ഫഹിമയുടെ വിവാഹത്തിനാണ് താരരാജാക്കന്മാര്‍ കുടുംബസമേതം എത്തിയത്. മോഹന്‍ലാലും സുചിത്രയും മമ്മൂട്ടിയും സുല്‍ഫത്തും ഒരുമിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഇതിനോടൊപ്പം 35 വര്‍ഷം മുമ്പുള്ള ചിത്രവും വീണ്ടും വൈറലാകുകയാണ്. മോഹന്‍ലാലിന്റെ വിവാഹദിനത്തിലെ ചിത്രമാണ് അത്. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും നവദമ്പതികളായ മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രമാണ്. രണ്ട് ചിത്രങ്ങളും ഒന്നിച്ച് വച്ചാണ് ആരാധകര്‍ സന്തോഷം പങ്കിടുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. നവാഗതനായ ഡീനൊ ഡെന്നിസ് ഒരുക്കുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം.