ആസിഫ് അലിക്ക് മെഗാസ്റ്റാര്‍ സമ്മാനിച്ച വാച്ചിന്റെ വില കണ്ടെത്തി സോഷ്യല്‍ മീഡിയ

റോഷാക്ക് സിനിമയുടെ വിജയത്തില്‍ നടന്‍ ആസിഫ് അലിക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി സമ്മാനിച്ചതും റോളെക്‌സ് വാച്ചാണ്. ആസിഫ് മെഗാസ്റ്റാറില്‍ നിന്ന് ഇങ്ങനെയൊരു സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിന്റെ വിജയാഘോഷവേളയിലാണ് വാച്ച് സമ്മാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ വാച്ചിന്റെ ചിത്രങ്ങള്‍ ആസിഫ് അലി പങ്കുവച്ചിരുന്നു. ഇതോടെ വാച്ചിന്റെ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചുമൊക്കെയായി ആരാധകരുടെ ചര്‍ച്ച.

റോളക്‌സിന്റെ ഡീപ് സീ ഡ്വെല്ലെര്‍ മോഡലില്‍ പെട്ട വാച്ചാണ് ആസിഫ് അലിക്ക് മമ്മൂട്ടി നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. വാച്ചിന്റെ ഓണ്‍ലൈന്‍ വില പത്ത് ലക്ഷത്തിനടുത്തും മാര്‍ക്കറ്റ് വില പതിനൊന്ന് ലക്ഷം രൂപയുമാണ്. 43 എംഎം ഓട്ടോമാറ്റിക് വാച്ച് കൂടിയായ ഇത് പൂര്‍ണമായും വാട്ടര്‍ റെസിസ്റ്റന്റ് ആണ്.

ചിത്രത്തില്‍ കണ്ണുകള്‍ കൊണ്ട് അഭിനയിച്ച് ആസിഫ് നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ‘മനുഷ്യന്റ ഏറ്റവും എക്സ്പ്രെസീവായ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്. അത്രത്തോളം ആ നടന്‍ കണ്ണ് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് മമ്മൂട്ടി വിജയാഘോഷ വേദിയില്‍ വെച്ച് പറഞ്ഞത്.

വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററില്‍ പിടിച്ചിരുത്തിയത് നിസാം ബഷീര്‍ ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ 7നാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്‌സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍.

Gargi