Film News

നിർമ്മാതാവിന്റെ പോസ്റ്റിൽ പറഞ്ഞ ആ മഹാനടൻ മമ്മൂട്ടിയോ? എങ്കിൽ എവർ​ഗ്രീൻ കോംബോ വീണ്ടും, ആഘോഷത്തിൽ ആരാധകർ

സൂപ്പർഹിറ്റായ പഴശ്ശിരാജയ്ക്ക് ശേഷം ഹരിഹരൻ – മമ്മൂട്ടി കോംബോ വീണ്ടും എത്തുന്നതായി റിപ്പോർട്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രത്തിലാണ് എവർ​ഗ്രീൻ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുക എന്നാണ് വിവരങ്ങൾ. മാമാങ്കത്തിനു ശേഷം വേണു കുന്നപ്പിള്ളിക്കും ഒപ്പം മമ്മൂട്ടി ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പഴശ്ശിരാജ പോലെ വലിയൊരു ക്യാൻവാസിൽ ചരിത്ര സിനിമയായിരിക്കും ഇതെന്നാണ് സൂചനകൾ. അതേസമയം മമ്മൂട്ടിയാണോ നായകൻ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടി നിർമാതാവ് വേണു കുന്നപ്പിള്ളി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്.

മഹാനായ നടനൊപ്പം അഭിനയിക്കാൻ അവസരമെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റിട്ടിരിക്കുന്നത്. ഈ പോസ്റ്റ് വന്നതോടെയാണ് മമ്മൂട്ടിയായിരിക്കും നായകനെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. 25-35 നു ഇടയിൽ പ്രായമുള്ള പുരുഷൻമാരേയും 22-30 നു ഇടയിൽ പ്രായമുള്ള ക്ലാസിക് നൃത്തം അറിയുന്ന സ്ത്രീകളെയുമാണ് സിനിമയിലേക്ക് പുതുമുഖങ്ങളായി ആവശ്യം.

Ajay Soni