മമ്മൂട്ടിക്കൊപ്പം പൃഥിയില്ല; പകരം എത്തുന്നത് മറ്റൊരു സൂപ്പർ താരം, വെളിപ്പെടുത്തൽ

Follow Us :

തുടക്കകാലത്ത് കരിയറിൽ ഒട്ടേറെ സഹായിച്ച മമ്മൂട്ടിക്കൊപ്പം വീണ്ടും ഒന്നിക്കാൻ ജോജു ജോർജ്. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യം പൃഥ്വിരാജിനെയാണ് പരി​ഗണിച്ചിരുന്നത്. ഇപ്പോൾ പൃഥ്വിക്ക് പകരം ജോജു എത്തുമെന്നാണ് റിപ്പോർട്ടുകൾ. മേയ് 15നാണ് ഷൂട്ടിം​ഗ് തുടങ്ങുന്നത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ കെ ജോസ്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

പട്ടാളം, ജവാൻ ഒഫ് വെള്ളിമല, ഡബിൾസ് , ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, ബെസ്റ്റ് ആക്ടർ, വജ്രം, ജവാൻ ഒഫ് വെള്ളിമല തുടങ്ങിയ നിരവധി ചിത്രങ്ങൾ ജോജു മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജയിൽ മമ്മൂട്ടിയോടൊപ്പം അയ്യപ്പൻ എന്ന മുഴുനീള കഥാപാത്രമായി ജോജു എത്തിയിരുന്നു. ഈ വേഷം താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായിട്ടുണ്ട്.

വൈശാഖിന്റെ ടർബോ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. മേയ് 23ന് ചിത്രം റിലീസ് ചെയ്യും. പോക്കിരി രാജാ, മധുരരാജാ എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. അതേസമയം, കമൽഹാസൻ – മണിരത്നം ചിത്രം തഗ് ലൈഫിൽ ജോജു ജോർജ് അഭിനയിക്കുന്നുണ്ട്. ജോജു ജോർജ് സംവിധായകന്റെ കുപ്പായം അണിയുന്ന പണി ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.