കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഗള്‍ഫ് നാടുകള്‍ വെള്ളത്തിലായിരിക്കുകയാണ്. ദുബായിയെല്ലാം സ്ഥിതി ഗുരുതരമായിരുന്നു. ഏഴുദശകത്തിനിടയില്‍ പെയ്ത ഏറ്റവും വലിയ മഴയായിരുന്നു രണ്ട് ദിവസം ലഭിച്ചത്. ദുരിതത്തില്‍ നിന്ന് ദുബായിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ താരങ്ങള്‍. മമ്മൂട്ടിയും മഞ്ജുവാര്യരും ടൊവിനോയുമെല്ലാം പ്രവാസലോകത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്.
‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്ന് മമ്മൂട്ടി സോഷ്യലിടത്ത് കുറിച്ചു.
‘മരുഭൂമിയില്‍ സ്വപ്ന നഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിത പെയ്തിയില് നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്.
ഗള്‍ഫ് നാടുകളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍, കാഴ്ചകള്‍. ഒട്ടും ശുഭകരമല്ലാത്ത പലതും ആ നാടിന്റെ എല്ലാ മേഖലകളെയും പരിക്കേല്‍പ്പിച്ചിരിക്കുന്നു, പേമാരി കണ്ടു പരിചയിച്ച എന്റെ പ്രവാസി സുഹൃത്തുക്കള്‍… നിങ്ങളും ആ നാടിനൊപ്പം തുണയായിട്ടുണ്ട് എന്നുള്ളത് അഭിമാനമാണ്. പ്രിയപ്പെട്ടവര്‍ വീടുകളില്‍ തന്നെ ഇരിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, Government നിര്‍ദ്ദേശങ്ങളെ അനുസരിക്കുക, എല്ലാവരും സുരക്ഷിതരായിരിക്കുക എന്ന് മഞ്ജുവാര്യരും പ്രവാസ ലോകത്തിനോട് പറയുന്നു.