Categories: Film News

‘ഇത് അവസാനമല്ല തുടക്കം’; ‘യാത്ര 2’ അപ്‌ഡേറ്റ്

യാത്ര എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാഗമാകുന്ന ചിത്രത്തെ മലയാളികളും ആവേശത്തോടെയാണ് നോക്കി കാണുന്നത്. മമ്മൂട്ടി നായകനായി 2019ല്‍ പുറത്ത് വന്ന പൊളിറ്റിക്കൽ ത്രില്ലറാണ് യാത്ര. വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം തുടക്കത്തിലേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ യാത്രയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.   ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ യാത്രയില്‍ മുഖ്യവേഷത്തില്‍ വൈ എസ് രാജശേഖര റെഡ്ഡിയായി   എത്തിയത് മമ്മൂട്ടി ആയിരുന്നു. രണ്ടാം ഭാഗത്തില്‍ വൈഎസ്ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുന്നതെങ്കിലും കുറച്ച് ഭാഗങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. ചിത്രം 2024 ഫെബ്രുവരി 8ന് തിയറ്ററില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

‘ഇത് അവന്റെ അവസാനമാണെന്ന് അവര്‍ കരുതി, പക്ഷെ ഇതൊരു തുടക്കം മാത്രമാണെന്ന് അവനറിയാമായിരുന്നു’, എന്ന ക്യാപ്ഷനും പോസ്റ്ററിനായി നല്‍കിയിട്ടുണ്ട്. ജീവയാണ് ജഗന്‍ മോഹന്‍ ആയി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് പുറത്തുവിട്ടിട്ടില്ല. വൈഎസ്ആര്‍ റെഡ്ഡിയെ അവിസ്മരണീയമാം വിധം അവതരിപ്പിച്ച മമ്മൂട്ടി വലിയ കൈയ്യടി നേടിയിരുന്നു. നീണ്ട 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. അതേസമയം മമ്മൂട്ടി സാറില്ലാതെ യാത്രയും യാത്ര രണ്ടാം ഭാഗവും ഉണ്ടാകുമായിരുന്നില്ല. ഈ അവസരത്തിന് താൻ എന്നേക്കും നന്ദിയുള്ളവനായിരിക്കും എന്നും മമ്മൂട്ടി സാർ സെറ്റിലെത്തി ആ റോളിന് ജീവൻ നൽകിയത് കണ്ടപ്പോൾ ഒരു ദേജാവു അനുഭവമായിരുന്നുവെന്നും മഹി വി രാഘവ് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.  70 എം.എം. എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവ് ആണ് നിര്‍വഹിക്കുന്നത്.. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്യുന്നത് സെൽവ കുമാർ ആണ്.തെലുങ്കിൽ ഒരുക്കിയ യാത്ര മലയാളത്തിലും തമിഴിലേക്കും മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു.അതേസമയം, വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് യാത്ര നിര്‍മ്മിച്ചത്. പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതിയായിരുന്നു വൈഎസ്ആറിന്റെ ഭാര്യയുടെ വേഷത്തിൽ എത്തിയത്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി  എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു ‘യാത്ര’. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ഈ ബയോപിക്കില്‍ പറഞ്ഞത്. ആന്ധ്രാപ്രദേശിനെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2004-ല്‍ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്.

1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ രണ്ടിന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആയിരുന്നു. അതേസമയം, ചിത്രത്തിന്റെ ഭാഗമായി പ്രചരിച്ച ഒരു ചാറക്ടർ ലുക്ക് ശ്രദ്ധ നേടിയിരുന്നു . സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്. ഈ നടി ആരാണെന്നായിരുന്നു പ്രേക്ഷകരുടെ ആദ്യ അന്വേഷണം. ജര്‍മന്‍ നടി സൂസെയ്ന്‍ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്. നിരവധി ഇന്ത്യന്‍ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലും സോണിയാ ഗാന്ധിയായി എത്തിയത് ഈ നടിയാണ്.പൃഥ്വിരാജിന്റെ തീര്‍പ്പ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.

Sreekumar R