Categories: Film News

അഞ്ച് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര സപര്യ; മലയാളികളുടെ വല്ല്യേട്ടന് ഇന്ന് പിറന്നാൾ

ഒരു നടന് രണ്ടു രീതിയിൽ കഥാപാത്രത്തെ സമീപിക്കാം. ഒന്ന് നടനിലേക്ക്  കഥാപാത്രത്തിനെ കൊണ്ടുവരാം. രണ്ട്കഥാപാത്രത്തിലേക്ക് നടനെ കൊണ്ടുവരാം. ഞാൻ ഇതിൽ രണ്ടാമത്തെ സമീപനം സ്വീകരിക്കുന്ന ആളാണ് ” ബിബിസിക്ക് വേണ്ടി കരൺ താപ്പർ ചെയ്ത ഇന്റർവ്യൂവിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് ഈ സംഭാഷണം നടത്തിയത് . മൂന്ന് നാഷണൽ അവാർഡുകൾ, 8  സംസ്ഥാന അവാർഡുകൾ, എണ്ണിയാലൊടുങ്ങാത്ത ഫിലിം ഫെയർ അവാർഡുകളും ഫിലിം ക്രിട്ടിക് അവാർഡുകളും സ്വന്തമാക്കിയ ഒരു നടനെ സംബന്ധിച്ച് അയാൾ പറഞ്ഞ ഈ വാചകങ്ങളുടെ ആത്മാർഥത തെളിയിക്കാൻ മറ്റൊരു തെളിവും ആവശ്യമില്ല.1971ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചലച്ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ തുടങ്ങി  വർഷങ്ങൾക്കിപ്പുറം ഇന്നുമൊടുങ്ങാത്ത ചലച്ചിത്ര സപര്യയിൽ മമ്മൂട്ടി വിവിധ ഭാഷകളിലായി ചെയ്തത് നാനൂറിനു മുകളിൽ സിനിമകളാണ്. ഒരു സിനിമാ വ്യവസായത്തിൽ അനിഷേധ്യനായി നാല് പതിറ്റാണ്ടുകൾ പിന്നിടുക എന്നത് ചെറിയ കാര്യമല്ല. ഒരു എക്സ്ട്രാ നടനിൽ നിന്നും നായകനായും അവിടെ നിന്ന് താരമായും അവിടുന്ന് മെഗാസ്റ്റാർ എന്ന പദവിയിലേക്കും പറന്നുയരുമ്പോൾ താനാരാണ് തന്റെ ഉത്തരവാദിത്വങ്ങൾ എന്താണ് എന്നു മറക്കാത്ത മമ്മൂട്ടി. ഒരു താരമാകുക എന്നത് ഇരട്ട ഉത്തരവാദിത്വമാണ് മമ്മൂട്ടിക്ക്. ഒരേ സമയം തന്നിലെ കലാകാരനേയും തന്നിൽ വിശ്വാസമർപ്പിച്ചു പണം മുടക്കുന്ന നിർമാതാവിനെയും പരിഗണിച്ചാണ് മമ്മൂട്ടി തന്റെ ചലച്ചിത്ര യാത്ര അനുപമാക്കിയത്. ഒരേ സമയം പതിതരിൽ പതിതരായ മനുഷ്യരുടെ കണ്ണീരിന്റെ ഉപ്പു അഭ്രപാളികളിൽ പകർത്തുമ്പോൾ തന്നെ സ്റ്റൈലിന്റെയും ഗ്ലാമറിന്റെയും വിസ്ഫോടനങ്ങളാൽ തീയേറ്ററുകളെ ഇളക്കി മറിച്ചു അയാൾ. പൊന്തന്മാടയും രാജമാണിക്യവും ബിലാൽ ജോൺ കുരിശിങ്കലും ഇൻസ്പക്ടർ ബൽറാമു ജെയിംസും സുന്ദരവ്മായും  വൈവിധ്യങ്ങളുടെ പകർന്നാട്ടം മമ്മൂട്ടി നമുക്ക് നൽകി.ചിലപ്പോഴൊക്കെ വീണു അയാൾ ,ഏതൊരു മനുഷ്യനെയും പോലെ തന്നെ. പക്ഷേ തളർന്നില്ല . പലരും അയാളുടെ കരിയറിന്റെ അവസാനമാണ് ഇതെന്നു വിധിയെഴുതി, പലപ്പോഴും. പക്ഷേ ചാരത്തിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ മലയാളത്തിന്റെ മഹാനടൻ തന്റെ വീഴ്ചകളിൽ നിന്നും പറന്നുയർന്നത് ഏതൊരു സിനിമാമോഹിക്കും പ്രചോദനമാണ് . സിനിമാമോഹിക്കെന്നല്ല ഏതൊരു മനുഷ്യനും .

ജീവിതത്തിൽ ഉടനീളം മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മമ്മൂട്ടിക്ക് ഒരു ഇടതുപക്ഷ സഹയാത്രികനാകുക എന്നത് സ്വാഭാവികമായ ജീവിതഗതിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അനവധി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നമുക്കറിയാം . കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഓർഗനൈസേഷൻ , ബാലവേലക്കെതിരെയുള്ള സ്ട്രീറ്റ് ഇൻഡ്യാ മൂവ്മെന്റ് , ക്യാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി, മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്ധർക്കു ചികിത്സക്കായി നടക്കുന്ന കാഴ്ച എന്ന സംഘടന എന്നിവ അതിൽ ചിലതു മാത്രമാണ് . 1998ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയും കേരള സർവ്വകലാശാലയും ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം നൽകി ആദരിച്ചു . തന്നോടും തന്റെ ചുറ്റുമുള്ളവരോടും യാതൊരു കാപട്യവുമില്ലാതെ ജീവിക്കുന്ന മമ്മൂട്ടി പലർക്കും അഹങ്കാരിയാണ്. പക്ഷേ ആ അഹങ്കാരം അയാളുടെ സത്യസന്ധതയുടെ മൂന്നാം കണ്ണിലുള്ള പരിപ്രേഷ്യം മാത്രമാണ്. ഇഷ്ടപ്പെട്ടതിനെ ചേർത്തുനിർത്തിയും ഇഷ്ടമില്ലാത്തിനോട് ഇഷ്ടം അഭിനയിക്കാതെയും അയാൾ ഒരു പച്ചമനുഷ്യനായി ജീവിക്കുന്നു. ഇന്ത്യൻ സിനിമ കാണാത്ത പുത്തൻ കാഴ്ചാനുഭവം സൃഷ്ടിച്ച ചിത്രമായിരുന്നു 2022 ലെത്തിയ മമ്മൂട്ടി ചിത്രം റോഷാക്ക്. ചിത്രത്തിലേക്ക് മമ്മൂട്ടിയെ സമീപിച്ച സംവിധായകനും അണിയറ പ്രവർത്തകരും കഥയും അവതരണവും വിവരിച്ചപ്പോൾ അതു മനസിലാക്കി സിനിമ ചെയാം എന്നു മമ്മുട്ടി കമ്പനി പറഞ്ഞിടത്താണ് മമ്മൂട്ടി എന്ന താരം എത്രത്തോളം അപ്ഡേറ്റാണെന്നു പ്രേക്ഷകർ ഒന്ന് കൂടി  തിരിച്ചറിയുന്നത്. പുതിയ കാലത്തിനൊപ്പം ഓടിയെത്താൻ പാടുപെടുന്നവരെ സോഷ്യൽ മീഡിയയിൽ വസന്തങ്ങളെന്നും വാട്സപ്പ് അമ്മാവന്മാരെന്നും പരിസഹിക്കുന്ന കാലത്താണ് കാലത്തിനൊപ്പമോ അല്ലെങ്കിൽ  അല്പം മുന്നിലോ ആയി മമ്മൂട്ടി സഞ്ചരിക്കുന്നത്. അവിടെ പലപ്പോഴും പ്രായത്തിൻ്റെ പേരിൽ അരികുവൽക്കരിക്കാൻ ശ്രമിക്കുന്നവരാണ് അദ്ദേഹത്തിൻ്റെ മുന്നിൽ യഥാർത്ഥ വസന്തങ്ങളായി തീരുന്നത്. വാഹനങ്ങളെ സ്നേഹിക്കുന്ന പുതിയ പുതിയ സാങ്കേതികതകളെ നവീന ഉൽപ്പന്നങ്ങളെ ഏറ്റവുമാദ്യം അറിഞ്ഞു സ്വീകരിക്കുന്ന അയാൾ ഈ നാട്ടിലെ ഏതൊരു യുവതയ്ക്കും ആരാധ്യപാത്രമാകുന്നത് വെറുതെയൊന്നുമല്ല. എസ്എൻ സ്വാമി മമ്മൂട്ടിയെ പറ്റി പറയുന്ന ഒരു ഒറ്റവരി വാചകമുണ്ട്, മമ്മൂട്ടി നിലനിൽകുന്നത് മമ്മൂട്ടിയെ കൊണ്ടുമാത്രമാണ്.

Mammootty

കെഎസ് സേതുമാധവൻ എന്ന പ്രശസ്ത സംവിധായകനോട് അകവും പുറവും വിറച്ചു നിന്ന് ഒരു വേഷം തരുമോ എന്നു ചോദിച്ച ഒന്നുമല്ലാത്ത ഒരു ചെറുപ്പക്കാരൻ ഇന്ന് മമ്മൂട്ടി എന്ന മഹാമേരുവായി നിൽക്കുന്നത് ആത്മവിശ്വാസവും ആത്മവിശകലനവും കൊണ്ടുമാത്രമാണ്.അക്കാദമിക് ആയി അഭിനയം പഠിച്ചിരുന്നെങ്കിൽ ഇതിലും മെച്ചപ്പെട്ട നടനാകുമായിരുന്നോ എന്ന ചോദ്യത്തിന് അയാൾ പറയുന്ന ഉത്തരം അയാളുടെ ജീവിതമാണ്. സ്വാഭാവികമായി അഭിനയിക്കാൻ അറിയാവുന്ന ഒരാൾക്ക് മാത്രമേ അങ്ങനെയൊരു പരിശീലനം കൊണ്ട് ഗുണം ഉണ്ടാകാനിടയുള്ളൂ എന്നും താൻ അങ്ങനെയൊരു സ്വാഭാവികപ്രതിഭയല്ല എന്നും ഉറക്കെ വിളിച്ചുപറയുമ്പോൾ നാം കേൾക്കുന്നത് എന്റെ ജീവിതം എന്റെ ആഗ്രഹമാണ് എന്നു തെളിയിച്ച ഒരു മനുഷ്യന്റെ ഉച്ചത്തിലുള്ള പ്രഖ്യാപനമാണ് .വരും തലമുറകൾക്ക് ഒരുപാട് കാലം പ്രചോദനമാകുന്ന ശബ്ദം. പ്രേക്ഷകന്റെ മമ്മൂട്ടിയിലുള്ള പ്രതീക്ഷയാണോ പ്രചോദനം എന്നുള്ള ചോദ്യത്തിന് മമ്മൂട്ടിക്കു മമ്മൂട്ടിയിലുള്ള പ്രതീക്ഷയാണ് തന്റെ മൂലധനം എന്നു പറയുന്ന മമ്മൂട്ടിയിൽ നിന്ന് , തന്റെ ഉള്ളിലെ സിനിമാപ്രേമിയ്ക്ക് ശമനതാളമില്ല എന്നു പറയുന്ന മമ്മൂട്ടിയിൽ നിന്നും നമുക്ക് ലഭിക്കാൻ അഭിനയത്തിന്റെ ,കലയുടെ ഒരുപാട് അനർഘനിമിഷങ്ങൾ ബാക്കിയുണ്ട് . അത് നമ്മുടെ കൂടി അവകാശമാണ് .

Mammootty
Soumya