Film News

‘കേരള പൊലീസിന്റെ ഇടി കൊണ്ടിട്ടണ്ടോ?”’മനസാ വാചാ’ ട്രെയിലര്‍

ദിലീഷ് പോത്തന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മനസാ വാചാ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍ച്ച് ഒന്നിന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ്.

നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത് എന്ന് വെളിവാക്കുന്നതാണ് പുറത്തിറങ്ങിയ ട്രെയിലര്‍. തൃശ്ശൂര്‍ ജില്ലയുടെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് പുറത്തിറക്കിയത്. ദിലീഷ് പോത്തനെ കൂടാതെ പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍കുമാര്‍, സായ് കുമാര്‍,ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രധാന കഥാപാത്രമായ ധാരാവി ദിനേശ് എന്ന കഥാപാത്രമായാണ് ദിലീഷ് പോത്തന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് മജീദ് സൈദ് ആണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലും ദിലീഷ് പോത്തന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം മോഷണം ഇതിവൃത്തം ആക്കിയാണ് ഒരുക്കിയിരിക്കുന്നത്.

എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഒനീല്‍ കുറുപ്പ് സഹനിര്‍മ്മാതാവാകുന്നു. ലിജോ പോള്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സുനില്‍കുമാര്‍ പി കെ.

Ajay Soni