കരഞ്ഞുകൊണ്ട് സുരേഷ് ഗോപിയെ വിളിച്ച് മണിയന്‍പിള്ള രാജു: പിന്നീട് നടന്നതെല്ലാം അത്ഭുതം

മലയാള സിനിമാ യുഗങ്ങളെ പലതായി കഷ്ണിച്ചാല്‍ ഇന്നത്തെ താര രാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ചേര്‍ത്തു വയ്ക്കുന്നതും, ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്തതുമായ ഒരു പേരാണ് നടന്‍ സുരേഷ് ഗോപിയുടേത്. ഒരുകാലത്ത് തീഷ്ണമായ ഡയലോഗ് ഡെലിവറിയുടെയും ആരാധകന്റെ രോമത്തെ പോലും ആകര്‍ഷിച്ചു നിര്‍ത്താന്‍ പോന്ന അഭിനയ മികവിന്റെയും ആള്‍ രൂപമായിരുന്നു സുരേഷ് ഗോപി. പിന്നീട് രാഷ്ട്രീയത്തിലേയ്ക്ക് കടന്ന അദ്ദേഹം എം. പി ആയി ഇന്ന് രാഷ്ട്ര സേവനത്തില്‍ തുടരുന്നു.

ഒരു നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനും അപ്പുറം സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹിയുടെ സഹജീവി സ്‌നേഹം അടുത്ത് അറിഞ്ഞവര്‍ നിരവധിയാണ്. അത്തരത്തില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവം നടന്‍ മണിയന്‍പിള്ള രാജു പങ്കുവച്ചതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി താര സംഘടനയായ അമ്മയുടെ വേദിയില്‍ വീണ്ടും എത്തിയത്. വേദിയില്‍ സുരേഷ് ഗോപിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് തന്റെ മകന്‍ ഇന്ന് ജീവനോടെ ഇരിക്കാന്‍ കാരണം സുരേഷ് ഗോപി ആണെന്ന സത്യം മണിയന്‍പിള്ള രാജു വെളിപ്പെടുത്തിയത്. കോവിഡ് കാലത്തുണ്ടായ ദുരനുഭവമാണ് താരം പങ്കുവെച്ചത്.

ഗുജറാത്തിലെ വിദൂരമായ സ്ഥലത്തെ എണ്ണ ക്കമ്പനിയില്‍ ജോലി ചെയ്യുന്ന മകന്‍ സച്ചിന്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി. ഗുജറാത്തില്‍ നിന്ന് സന്ദേശം വന്നപ്പോള്‍ സഹായത്തിനായി ആരെ ബന്ധപ്പെടുമെന്ന് അറിയില്ലായിരുന്നു. പെട്ടെന്ന് സുരേഷ് ഗോപിയെ ഓര്‍മ വന്നു. കരച്ചിലോടെ ഞാന്‍ സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു.

വിശദാംശങ്ങള്‍ ചോദിച്ച ശേഷം അദ്ദേഹം ഫോണ്‍ വച്ചു. പിന്നെ നടന്നതെല്ലാം അത്ഭുതമായിരുന്നു, മണിയന്‍ പിള്ള രാജു പറയുന്നു. സുരേഷ് ഗോപി അവിടെയുള്ള നാല് എം പി മാരെയാണ് ബന്ധപ്പെട്ടത്. അത്യാധുനിക സൗകര്യമുള്ള അംബുലന്‍സെത്തി. അഞ്ച് മണിക്കൂര്‍ കൊണ്ടാണ് അവര്‍ രാജ്കോട്ടിലെ ആശുപത്രിയിലെത്തിച്ചത്, നിറ കണ്ണുകളോടെ മണിയന്‍ പിള്ള രാജു പറഞ്ഞു.

Vishnu