‘സുനിച്ചനെ ചോദിച്ചവരോട്… ആള്‍ എത്തിയിട്ടുണ്ട്’; വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് മഞ്ജു സുനിച്ചന്‍

Follow Us :

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് മഞ്ജു സുനിച്ചന്‍. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ മഞ്ജുവിന് ഏറെ ആരാധകരും ഉണ്ടായി. ഷോ കൊവിഡിനെ തുടര്‍ന്ന് പാതി വഴിയില്‍ അവസാനിപ്പിച്ചിരുന്നുവെങ്കിലും മത്സരാര്‍ത്ഥികളുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതില്‍ ഒന്നാണ് ഫുക്രുവും ദയ അച്ചുവും തമ്മില്‍ നടത്തിയ സംഭാഷണം. ഇതില്‍ നടി മഞ്ജു സുനിച്ചന്റെ ദാമ്പത്യ ജീവിതത്തെ പറ്റി പരാമര്‍ശിച്ചിരുന്നു. ഫുക്രു വാട്സാപില്‍ നടത്തിയ വോയിസ് ചാറ്റ് ദയ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. ഇതോടെ മഞ്ജുവും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്ന് തരത്തില്‍ വാര്‍ത്തകള്‍ പരന്നത്.

രജിത് കുമാറുമായി ബിഗ് ബോസിനുള്ളില്‍ നടന്ന സംഭവത്തെ കുറിച്ചാണ് ഫുക്രു സംസാരിച്ചത്. ‘മഞ്ജുമ്മയും ഞാനും തമ്മില്‍ അനാവശ്യ ബന്ധമാണെന്ന് പറഞ്ഞതോടെ അവര്‍ ഭര്‍ത്താവുമായി പിരിഞ്ഞു. ബിഗ് ബോസ് കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. ഇപ്പോഴും അവര്‍ പിരിഞ്ഞ് നില്‍ക്കുകയാണ്. അതിന് കാരണം ഇയാളാണ്. അയാളെ പൂവിട്ട് പൂജിക്കണമോ എന്നാണ്’ ഫുക്രു ചോദിക്കുന്നത്. ഇത് പുറത്ത് വന്നതോടെ ഇരുവരും പിരിഞ്ഞു എന്ന വാര്‍ത്തകള്‍ക്ക് ശക്തിയേറി. തന്റെ മകനെ പോലെ മഞ്ജു ഫുക്രുവിനെ സ്നേഹിച്ചെങ്കിലും അതിന് മറ്റൊരു അര്‍ഥം കൂടി വന്നു. ഇരുവരും തമ്മിലുള്ള ബന്ധം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെ ഭര്‍ത്താവ് മഞ്ജുവിനെ ഉപേക്ഷിച്ചുവെന്നും അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നും വരെ പ്രചരണമുണ്ടായിരുന്നു.എന്നാല്‍ സംശയങ്ങളുമായി വന്നവര്‍ക്കുള്ള മറുപടിയുമായിട്ടാണ് മഞ്ജുവിപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവ് സുനിച്ചനും മകന്‍ ബെര്‍ണാച്ചനും കിടന്ന് ഉറങ്ങുമ്പോള്‍ മഞ്ജു എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘മൈ ബോയിസ്.. സുനിച്ചനെ ചോദിച്ചവരോട്, ആള്‍ എത്തിയിട്ടുണ്ട്’ എന്നാണ് മഞ്ജു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അതായത് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്ന വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ലെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്.