തമിഴ്നാട് തീയറ്ററുകൾക്ക് രക്ഷയായത് മഞ്ഞുമ്മൽ ബോയ്സ്; തുറന്ന് പറഞ്ഞ് തീയറ്റർ ഉടമ

ആഗോളതലത്തിൽ 200 കോടി രൂപയിൽ അധികം നേടി മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായി മഞ്ഞുമ്മൽ ബോയ്സ് മാറിയിരുന്നു. തമിഴ്‍നാട്ടിൽ 60 കോടി രൂപയിലധികം ചിത്രത്തിന് നേടാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് മാസത്തിൽ തമിഴ്‍നാട്ടിലെ തീയറ്ററുകൾക്ക് കൂടുതൽ ലാഭം നേടിക്കൊടുത്തതും ഈ മലയാള സിനിമയെന്നാണ് കണക്കുകൾ കാണിക്കുന്നത്. വെട്രി തിയറ്റർ ഉടമ രാകേഷ് ഗൌതമനാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

മാർച്ചിൽ തമിഴ്‍നാട് തിയറ്ററുകളെ ലാഭത്തിലാക്കിയത് മഞ്ഞുമ്മൽ ബോയ്‍സെന്ന ഒരു സിനിമ മാത്രമാണ് എന്നാണ് തീയറ്റർ ഉടമയുടെ വെളിപ്പെടുത്തൽ. 75 ശതമാനം ലാഭ വിഹിതവും ചിത്രമാണ് നൽകിയിരിക്കുന്നത്. തമിഴകത്ത് മാർച്ചിൽ മുന്നിലുള്ള നാല് സിനിമകളിൽ ഒന്ന് പോലും കോളിവുഡിൽ നിന്നില്ല എന്ന നിരാശയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

. 2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും കരസ്ഥമാക്കി.