‘അവിടെ നിന്നിങ്ങോട്ട് ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ഒരു നിലയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്’ മനോജ് കെ യു

തിങ്കളാഴ്ച നിശ്ചയത്തിലെ കുവൈറ്റ് വിജയന്‍ എന്ന കഥാപാത്രമായെത്തി മലയാളി മനസില്‍ ഇടംനേടിയയാളാണ് മനോജ് കെ.യു. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല താരത്തിന്. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം എന്ന സിനിമയില്‍ രാജീവന്‍ എന്ന കഥാപാത്രമായി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് മനോജ്. ഇപ്പോഴിതാ എങ്ങനെ താനീ ചിത്രത്തിലെത്തിയെന്നതിനെ കുറിച്ച് പറയുകയാണ് മനോജ്.

‘ഇരട്ട’ എന്ന സിനിമയില്‍ ഞാനഭിനയിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് ഷെഡ്യൂള്‍ ബ്രേക്ക് വന്നു വീട്ടില്‍ പോയി. അപ്പോള്‍ ‘ഇരട്ട’യുടെ നിര്‍മാതാവ് മാര്‍ട്ടിന്‍ പ്രക്കാര്‍ട്ട് എന്നെ വിളിച്ചിട്ട് തിരിച്ചു വരുമ്പോള്‍ ഒരു ദിവസം നേരത്തെ വരാന്‍ പറ്റുമോ ഒരു കഥ പറയാനുണ്ട് എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ എറണാകുളത്ത് എത്തി നിഖിലിനെ കണ്ടു. നിഖിലും ജ്യോതിഷും ക്യാമറാമാന്‍ ഷിനോസും നിര്‍മാതാവ് രഞ്ജിത്തേട്ടനും കഥ പറയുമ്പോള്‍ ഉണ്ടായിരുന്നു. പ്രണയവിലാസത്തിന്റെ കഥയാണ് അവര്‍ പറഞ്ഞത്. ഇന്റര്‍വല്‍ വരെ പറഞ്ഞപ്പോഴേക്കും ഞാന്‍ എഴുന്നേറ്റ് കൈ കൊടുത്തു. കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാന്‍ പറഞ്ഞു ബാക്കി കേള്‍ക്കണം എന്നുപോലും ഇല്ല നമുക്കിത് ചെയ്യാമെന്ന്. അങ്ങനെയാണ് പ്രണയവിലാസത്തിലെ രാജീവന്‍ ആകുന്നതെന്ന് താരം മനോരമയോട് പ്രതികരിച്ചു.

തിങ്കളാഴ്ച നിശ്ചയം കഴിഞ്ഞെടുത്ത ഇന്റര്‍വ്യൂവില്‍ ചോദിച്ചത് എനിക്ക് ഓര്‍മയുണ്ട്, ഇനി സിനിമകള്‍ കിട്ടുമെന്ന് പ്രതീക്ഷയുണ്ടോ എന്ന്, ഞാന്‍ പറഞ്ഞ ഉത്തരം ‘പ്രതീക്ഷയുണ്ട് പക്ഷേ ഇതുവരെ ആരും വിളിച്ചില്ല, വിളിക്കുമായിരിക്കും’ എന്നാണ്. അവിടെ നിന്നിങ്ങോട്ട് ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ഒരു നിലയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ ആണ് എനിക്ക് കിട്ടിയത്. ഒരുപാട് വ്യത്യസ്തമായ റോളുകളും സിനിമകളും കിട്ടുന്നുണ്ട്. ചെയ്യുന്നതെല്ലാം ഒരേ തരം കഥാപാത്രങ്ങള്‍ ആയി പോകാതിരിക്കണം എന്നുണ്ട്. കുവൈറ്റ് വിജയന്റെ സാമ്യം മറ്റൊന്നിലും വരരുത് അതുപോലെ ചെയ്യുന്ന ഓരോ കഥാപാത്രവും വ്യത്യസ്തമാകണം. നല്ല നല്ല സിനിമകള്‍ കിട്ടുന്നുണ്ട്, വലിയ സന്തോഷമാണ്, ഇങ്ങനെ തുടര്‍ന്ന് പോകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Gargi