ഉണ്ണി മുകുന്ദൻ വീണ്ടും സൂപ്പർ ആക്ഷൻ ഹീറോ ആകുന്നു; ‘മാർക്കോ’ തുടക്കമായി

Follow Us :

യുവതലമുറക്കാരിൽ മികച്ചരീതിയിൽ ആക്ഷൻ കൈകാര്യം ചെയ്യുന്ന നടന്മാരിലൊരാളാണ് ഉണ്ണി മുകുന്ദൻ. ഷഫീഖിൻ്റെ സന്തോഷം, മേപ്പടിയാൻ, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ ഫീൽ ഗുഡ് സിനിമകളുടെ നായകനായി കുടുംബ സദസ്സുകൾക്കും അദ്ദേഹം ഏറെ പ്രിയപ്പെട്ടവനായി മാറി. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ ആക്ഷൻ ഹീറോ വേഷം വീണ്ടും അണിയുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ എന്ന നടനിൽ നിന്ന് പ്രേക്ഷകർ മികച്ച ആക്ഷൻ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നുണ്ട്. അതാണ് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ സംജാതമാകുന്നത്. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മികച്ച ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ട് മലയാള സിനിമയിൽ സജീവമാകുകയാണ് ലക്ഷ്യമെന്ന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞു. ഇന്ന് മുന്നാറിൽ ആയിരുന്നു പൂജയോട് കൂടി ഷൂട്ടിംഗ് ആരംഭിച്ചത്. ഉണ്ണി മുകുന്ദൻ ഉൾപ്പെടെ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകരുടെയും സാനിധ്യത്തിൽ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് സ്വിച്ച് ഓൺ നിർവഹിച്ചു. ഫസ്റ്റ് ക്ലാപ് ഫ്രയ മറിയവും, അയഹ് മറിയവും നിർവഹിച്ചു. പൂജയിൽ നിറസാനിധ്യമായി നടൻ ഷറഫുഹീനും.

സമീപകാലത്തെ ഏറ്റവും മികച്ച സ്റ്റൈലിസ്റ്റ്, ആക്ഷൻ- വയലൻസ് ചിത്രമായിരിക്കും മാർക്കോ. വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റവും സമർത്ഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തിൽ എട്ട് ആക്ഷനുകളാണുള്ളത്. ‘ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ഇതിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. കലൈകിംഗ് സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ഇവരിലെ പ്രമുഖർ. ഹനീഫ് അദേനി സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രത്തിലെ അവതരിപ്പിക്കുന്നത്.
വില്ലൻ കഥാപാത്രമായിരുന്ന മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കുന്നതോടെ മലയാളത്തിലെ ആദ്യത്തെ വില്ലൻ്റെ സ്പിൻ ഓഫ് സിനിമയായി ഈ ചിത്രം മാറും. മാർക്കോ ജൂനിയറിൻ്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടൈനർ ആയിരിക്കും ഈ ചിത്രം. നായിക ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ ബോളിവുഡ്ഡിൽ നിന്നുള്ളതാണ്.
സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.