Film News

വിമന്‍ ഇന്‍ കളക്ടീവിലെ ആരും തനിക്ക് വേണ്ടി സംസാരിച്ചില്ല!! മെറീന

വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ രൂക്ഷമായി വിമര്‍ശിച്ച് നടി മെറീന മൈക്കിള്‍. പുതിയ ചിത്രം അന്നപൂരണി വിവാദത്തില്‍പ്പെട്ടപ്പോള്‍ നയന്‍താരയ്ക്ക് നല്‍കിയ പിന്തുണ തനിക്ക് ലഭിച്ചില്ലെന്ന് മെറീന ആരോപിക്കുന്നു. നയന്‍താരയെ പിന്തുണച്ച നടി താന്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ വലിയൊരു പ്രശ്‌നം തുറന്നു പറഞ്ഞപ്പോള്‍ തന്നെ പിന്തുണച്ചില്ലെന്ന് മെറീന പറയുന്നു. ആ നടിയും ഡബ്ലിയുസിസി സംഘടനയും തനിക്കൊപ്പം നിന്നില്ലെന്നും മെറീന ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് മെറീനയുടെ രൂക്ഷ പ്രതികരണം. കഴിഞ്ഞ ദിവസമാണ് താരം സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പരിഗണനകള്‍ ലഭിക്കുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയത്. വിവേകാനന്ദന്‍ വൈറലാണ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു മെറീനയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് അഭിമുഖത്തിനിടെ മെറീന ഷൈന്‍ ടോം ചാക്കോയുമായി വഴക്കിട്ട് ഇറങ്ങിപ്പോയതും വിവാദമായിരുന്നു. പീരിഡ്‌സ് ആയിരുന്നിട്ടും ഒരു നല്ല ബാത്‌റൂം പോലും തനിക്ക് ലൊക്കേഷനില്‍ കിട്ടിയില്ലെന്നായിരുന്നു മെറീനയുടെ വെളിപ്പെടുത്തല്‍.

മെറീനയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയറിയിച്ചത്. അതേസമയം സിനിമയില്‍ നിന്നും പിന്തുണ താരത്തിന് ലഭിച്ചില്ല. വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ ആരും തന്നെ തനിക്ക് വേണ്ടി സംസാരിക്കാത്തത് വലിയ സങ്കടം ഉണ്ടാക്കിയെന്നും മെറീന പറയുന്നു. തന്നെ പിന്തുണച്ച എല്ലാവരോടും താരം നന്ദിയും അറിയിക്കുന്നുണ്ട്.

Anu B