Film News

‘ഗരുഡന്’ പിന്നാലെ ‘ഫീനിക്സു’മായി മിഥുൻ; ആദ്യ പ്രതികരണങ്ങൾ പുറത്ത്

ഗരുഡന്റെ വിജയത്തിളക്കത്തിലാണ് തിരക്കഥാകൃത്ത് മിഥുൻ മാനുവല്‍ തോമസ്. ഗരുഡന്റെ വൻ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ തിരക്കഥയാണ് ആ വിജയത്തിന് അടിത്തറയിട്ടത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. അതിനാല്‍ മിഥുൻ മാനുവലിന്റെ പുതിയ സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും. മിഥുൻ മാനുവേല്‍ തോമസ് തിരക്കഥയെഴുതിയ ചിത്രം ഫീനിക്സിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത് എന്നത് പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്നു. ഇന്നലെ ഫീനിക്സിന്റെ ഒരു പ്രീമിയര്‍ ഷോ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. എന്തായാലും ഫീനിക്സ് മികച്ച ഒരു ചിത്രമായിരിക്കും എന്നാണ് പ്രതികരണം. ആദ്യ പകുതി മികച്ചതാണ് എന്നും ചിത്രത്തില്‍ ഹൊറര്‍, റൊമാന്റിക് ഘടകങ്ങളുണ്ടെന്നുമാണ് അഭിപ്രായങ്ങള്‍. മിഥുൻ മാനുവലിന്റെ മറ്റൊരു മികച്ച തിരക്കഥ എന്നും ഫീനിക്സ് കണ്ടവര്‍ അഭിപ്രായപ്പെടുന്നു. തിയറ്ററില്‍ കാണേണ്ട ഒന്നാണ് ഫീനിക്സ്, മികച്ച മേക്കിംഗാണ് ഫീനിക്സിന്റേത്. സംഗീതവും മികച്ചുനില്‍ക്കുന്നുവെന്നാണ് അഭിപ്രായങ്ങള്‍. അതേസമയം കേരളത്തില്‍ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് എന്നാണ് ലഭ്യമായ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മള്‍ട്ടിപ്ലക്സില്‍ കൊച്ചിയില്‍ 90 ലക്ഷം ചിത്രം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാൻ ഗരുഡനാകുന്നുണ്ടെന്നാണ് ഓരോ ദിവസത്തെയും കണക്കുകള്‍ വ്യക്തമാക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. വമ്പൻ വിജയമായ കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ മറികടക്കാൻ ഗരുഡനാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാകും അരുണ്‍ വര്‍മ സംവിധാനം ചെയ്‍ത ചിത്രം എന്ന് ഉറപ്പിക്കാവുന്നതാണ്. അനൂപ് മേനോന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും ചിത്രത്തിലേതെന്നാണ് സൂചന.

ഫീനിക്സ് വിഷ്‍ണു ഭരതനാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചന്തു നാഥ് നായകനാകുന്നു. അനൂപ് മേനോനൊപ്പം ഫീനിക്സില്‍ അജു വർഗീസ്,  ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ. കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ , അബ്രാം രതീഷ്, ആവണി എന്നിവരും കഥാപാത്രങ്ങളാകുന്നു. റിനീഷ് കെ എൻ നിർമിക്കുന്നു.

ബിഗിൽ ബാലകൃഷ്‍ണന്റേതാണ് ആശയം. ട്രെയ്‌ലര്‍ ആകാംക്ഷയും പേടിയും നിറഞ്ഞ കാഴ്ചാനുഭവമാണ് പ്രേക്ഷകന് നൽകുന്നത്. കൈതി, ആർഡിഎക്സ്, vela bandra  എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ച സാം സി. എസ് ആണ് ഫീനിക്സിൽ സംഗീതമൊരുക്കുന്നത്.  ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആൽബി. കലാസംവിധാനം ഷാജി നടുവിൽ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ ഡിനോ ഡേവിഡ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രാഹുൽ ആർ.ശർമ്. എക്സിക്യുട്ടീവ് പ്രൊഡ്യുസർ ഷിനോജ് ഒടാണ്ടിയിൽ. പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി, പി ആർ ഒ വാഴൂർ ജോസ് എന്നിവരാണ്

Sreekumar R