തിരുപ്പതിയിലെത്തി താരരാജാവ് മോഹന്‍ലാല്‍!!

തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരം തിരുപ്പതിയില്‍ ദര്‍ശനം നടത്തിയത്. താരത്തിന്റെ ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എമ്പുരാനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായത്. ചെന്നൈയിലാണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത്.

പിന്നീടുള്ള ഷെഡ്യൂള്‍ കേരളത്തിലായിരിക്കും. സിനിമയുടെ ഏറ്റവും വലിയ ഷെഡ്യൂളായിരിക്കും കേരളത്തിലേത്. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഉള്‍പ്പടെയുള്ള രംഗങ്ങളുടെ ചിത്രീകരണങ്ങളും ഇവിടെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മോഹന്‍ലാലിന്റെ പുതിയ സിനിമയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പമാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ 360-ാം ചിത്രമാണ് ഒരുങ്ങുന്നത്. തരുണും കെ ആര്‍ സുനിലും ചേര്‍ന്നാണ്
തിരക്കഥയൊരുക്കുന്നത്.