വനിതാ ഫിലിം അവാര്‍ഡ്സില്‍ മോഹന്‍ലാല്‍ ചുവടുകള്‍ വയ്ക്കുന്ന വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. ഷാരൂഖ് ഖാന് ജവാന് സിനിമയില്‍ ആടിത്തകര്‍ത്ത ‘സിന്ദാ ബന്ദാ’ ഗാനത്തിനാണ് താരരാജാവും ചുവടുവച്ചത്. ലാലേട്ടന്റെ ഡാന്‍സ് വീഡിയോ എസ്ആര്‍കെയും കണ്ട് അഭിനന്ദിച്ചിരുന്നു. താന്‍ പോലും അത്ര നന്നായി ചെയ്തിട്ടില്ലെന്ന് കിങ് ഖാന് തന്നെ പറഞ്ഞിരുന്നു.
ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയ മോഹന്‍ലാല്‍ സാറിന് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്തെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ച് പോകുകയാണ്. വീട്ടില്‍ ഒന്നിച്ചുള്ള അത്താഴത്തിനായി കാത്തിരിക്കുകയാണ്,’ എന്നാണ് ലാലേട്ടന്റെ ഡാന്‍സ് വീഡിയോ പങ്കുവച്ച് ഷാരൂഖ് ഖാന് കുറിച്ചത്.
കിങ് ഖാന് മോഹന്‍ലാല്‍ തന്നെ മറുപടിയും കുറിച്ചിരുന്നു. നിങ്ങളെ പോലെ അത് ആര്‍ക്കും ചെയ്യാന്‍ ആകില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അത്താഴം മാത്രം മതിയോ പ്രഭാത ഭക്ഷണം കൂടിയായാലോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്.
‘പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ഡിന്നര്‍ മാത്രം മതിയോ പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ വേണ്ടേ’ എന്നാണ് ഷാരൂഖിന്റെ ട്വീറ്റിന് മറുപടിയായി മോഹന്‍ലാല്‍ കുറിച്ചത്.
അതിനും എസ്ആര്‍കെ മറുപടി നല്‍കിയിട്ടുണ്ട്. എവിടെ വെച്ച് വേണം എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇതിന് മോഹന്‍ലാല്‍ മറുപടിയും നല്കി. എന്റെ വസതി ആതിഥ്യം വഹിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മോഹന്‍ലാല്‍ മറുപടിയായി കുറിച്ചത്.