‘നേര്’ വളരെ നല്ല തിരക്കഥയില്‍ പിറന്ന വളരെ മികച്ച ചിത്രം!!

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ട് ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ആ പ്രതീക്ഷയെല്ലാം നിലനിര്‍ത്തിയിരിക്കുകയാണ് നേര്. നേരിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങളെല്ലാം തന്നെ പോസിറ്റീവാണ്. ആരാധകര്‍ കാത്തിരുന്ന ലാലേട്ടനെ സ്‌ക്രീനില്‍ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകലോകം ഒന്നടങ്കം.

ചിത്രം കണ്ടിറങ്ങുന്ന എല്ലാവരുടെയും ഉള്ളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനും റസിയയും നിറഞ്ഞുനില്‍ക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ നേര് സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. ആക്ഷനോ ത്രില്ലറോ ഒന്നുമല്ലാതെ തന്നെ ഇമോഷന്‍ കൊണ്ട് ആരാധകരുടെ ഹൃദയത്തിലിടം പിടിച്ചിരിക്കുകയാണ് നേര്.

സാധാരണ ജീത്തു ജോസഫ് ചിത്രങ്ങള്‍ പോലെ ട്വിസ്റ്റ് പ്രതീക്ഷിക്കാതെ, നല്ലൊരു കഥയുണ്ടെന്ന് ഉറപ്പിലാണ് സിനിമ കാണേണ്ടതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. അനശ്വര രാജനെ മുന്‍നിര്‍ത്തി കഥ വികസിക്കുമ്പോള്‍ താരത്തിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായി എന്ന അഭിപ്രായവും വന്നു. പൂര്‍ണമായും കഥാപാത്രമായി മോഹന്‍ലാല്‍ ചിത്രത്തില്‍ നിറഞ്ഞാടുകയായിരുന്നു.

അന്ധയായ പെണ്‍കുട്ടി, വീട്ടില്‍ ആളൊഴിഞ്ഞ നേരത്ത് ബലാത്സംഗത്തിനിരയാവുന്നു. അവള്‍ക്ക് നീതി ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ എത്തുമ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കയ്യടി നേടിയെങ്കില്‍, ഇതിലെ ഓരോ കഥാപാത്രവും ആ കയ്യടിക്ക് അര്‍ഹരാണ്.

ചിത്രത്തിനെ കുറിച്ച് നാരായണന്‍ നമ്പു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിങ്ങനെ, ജീത്തു ജോസെഫിന്റെ മോഹന്‍ലാല്‍ ചിത്രം നേര് വളരെ നല്ല തിരക്കഥയില്‍ പിറന്ന വളരെ മികച്ച ചിത്രമാണ്. സിനിമയുടെ genre ന് 100% നീതി പുലര്‍ത്തുന്ന മേക്കിങ് ശൈലി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

അഭിനേതാക്കളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. മോഹന്‍ലാലിന്റെ വളരെ controlled and matured ആയിട്ടുള്ള ഉജ്വല പ്രകടനം ആണ് സിനിമയില്‍ ഉടനീളം കണ്ടത്. ഒരു gimmics ഉം ഇല്ലാതെ ആ കഥാപാത്രത്തെ മോഹന്‍ലാല്‍ ഗംഭീരമാക്കി. അനശ്വര രാമന്റെ career best ആണ് നേരില്‍ ഉള്ളത്. സിദ്ദിഖ് എന്ന veteran പെര്‍ഫോര്‍മറുടെ സ്‌ട്രോങ്ങ് സപ്പോര്‍ട്ട് സിനിമയില്‍ മുഴുവന്‍ ഉണ്ട്. എടുത്ത് പറയേണ്ടത് ജഗദീഷിന്റെ പെര്‍ഫോമന്‍സ് കൂടിയാണ്. ജഗദീഷ് മനോഹരമായിരുന്നു. തിരക്കധാകൃത്ത് കൂടിയായ ശാന്തിയും, വില്ലനായി പെര്‍ഫോം ചെയ്ത നടനും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

ജീത്തു ജോസഫിന്റെ ഡയറക്ഷന്‍ ശൈലി തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഒരിടത്തും gimmikks കളുടെ പുറകെ പോകാതെ വളരെ ഒര്‍ജിനല്‍ ആയിത്തന്നെ കോര്‍ട്ട്‌റൂം സീനുകള്‍ എടുത്തിട്ടുള്ളത് പോലെ തോന്നി. തീയറ്റര്‍ നിറയെ കയ്യടി ആയിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ കുറച്ചു നാളുകള്‍ക്ക് ശേഷം തന്റെ പ്രേക്ഷകരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ മോഹന്‍ലാലിന് ഈ സിനിമയിലൂടെ സാധിച്ചിട്ടുണ്ട് എന്നുറപ്പാണ്. തീയറ്ററില്‍ ഓരോ സീനിനും വന്ന കയ്യടികള്‍ അതിനു തെളിവായിരുന്നു. എന്നു പറഞ്ഞാണ് നാരായണന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.