എംഎല്‍എയായി എപ്പോഴും ഇരിക്കാന്‍ സാധിക്കില്ല! നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കും- മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ

രാഷ്ട്രീയത്തിനുമപ്പുറം അഭിനനയവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍. എംഎല്‍എ ആദ്യമായി അഭിനയിച്ച തീ എന്ന സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തന്റെ ചിത്രം തിയ്യറ്ററില്‍ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് എംഎല്‍എ. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പട്ടാമ്പിയിലും കൊപ്പത്തുമുള്ള രണ്ടു തിയേറ്ററുകളിലും പോയി തീ കണ്ടു. ഒരു പോസിറ്റീവ് വൈബുള്ള കുടുംബചിത്രമാണ് തീ. മാധ്യമപ്രവര്‍ത്തകരുടെ ജീവിതമാണ് പറയുന്നത്.

റൊമാന്‍സ് രംഗങ്ങളില്‍ തുടക്കക്കാരന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് പതിയെ ശരിയായി. ആദ്യമൊക്കെ സമ്മര്‍ദ്ദം തോന്നിയിരുന്നു, എന്നാല്‍ സംവിധായകന്റെ നല്ല പിന്തുണയുണ്ടായിരുന്നെന്നും മുഹ്‌സിന്‍ പറയുന്നു.

നല്ല അവസരത്തെ നന്നായി ഉപയോഗിച്ചു എന്ന് തന്നെയാണ് കരുതുന്നത്. കല ജീവിതത്തിന്റെ ഭാഗമാണ്, എംഎല്‍എയായി എപ്പോഴും ഇരിക്കാന്‍ സാധിക്കില്ല. സിനിമയില്‍ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും മുഹമ്മദ് മുഫ്സിന്‍ പറഞ്ഞു.

അനില്‍ വി. നാഗേന്ദ്രനാണ് തീയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
യൂ ക്രിയേഷന്‍സ്, വിശാരദ് ക്രിയേഷന്‍സ് എന്നിവയുടെ ബാനറിലാണ് ചിത്രം എത്തുന്നത്.

Anu B