“എന്നെക്കൊണ്ടൊന്നും പറയിക്കരുത്’; ട്രോളന്മാർക്ക് മുകേഷിന്റെ മറുപടി

അബിഗേല്‍ സാറയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചതിന് പിന്നാലെയുളള ട്രോളുകള്‍ക്ക് മറുപടിയുമായി നടനും എംഎല്‍എയുമായ മുകേഷ്. അബിഗേലിനെ കണ്ടുകിട്ടിയതിന് പിന്നാലെ ആയിരുന്നു കുട്ടിക്കൊപ്പമുളള ചിത്രം മുകേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ കാണാതായ കുട്ടിയോടൊപ്പം കൊല്ലം എംഎല്‍എയേയും കണ്ടെത്തി എന്നുളള ട്രോളുകളും ഇറങ്ങി. പിന്നാലെയാണ് എംഎൽഎ മറുപടി പോസ്റ്റുമായി രംഗത്ത് വന്നത്. കുട്ടിയെ എടുത്തത് തന്നിൽ ഒരച്ഛൻ ഉള്ളതിനാൽ എന്ന് പറഞ്ഞു കൊണ്ടാണ് മുകേഷ് പോസ്റ്റ് തുടങ്ങുന്നത്. ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരിൽ ആക്കിയ അബിഗേൽ സാറ റെജി എന്ന മോളെ കണ്ടെത്തിയതറിഞ്ഞു താൻ  അപ്പോൾ തന്നെ കൊല്ലം ഏആർ ക്യാമ്പിൽ എത്തിയിരുന്നു.  എത്തുമ്പോൾ ചുറ്റിനും അപരിചിതരുടെ മുന്നിൽ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് ത്ന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു .. അപ്പോൾ പ്രിയ സുഹൃത്ത് ഗണേഷ് കുമാർ എംഎൽഎ കുഞ്ഞിനോട് ഈ മാമനെ അറിയുമോ ചോദിച്ചു?
ചെറിയ ചിരിയോടു കൂടി അഭിഗേൽ  അറിയാം എന്ന്  മറുപടി പറഞ്ഞു.  എങ്ങനെ അറിയാമെന്നു ചോദിച്ചപ്പോൾ  ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട് എന്നും അബിഗെയ്ൽ പറഞ്ഞു . അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള തനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യിൽ വെച്ചത എന്നും മുകേഷ് പറഞ്ഞു.

ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ, അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല… അത് ഈ മോൾക്ക് മാത്രമല്ല… നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല… എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്. അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്നേഹിക്കുന്നു… മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്… പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയത്. ഒപ്പം തന്നെ  കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ് എന്നും  അതിന് അന്ന് തന്നെ താൻ നല്ല  മറുപടിയും നൽകിയതാണ് എന്നും മുകേഷ് പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ “കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും “. ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്…

എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്.. പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങൾ എന്നും മുകേഷ് ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ച്.  ‘കുട്ടി ഇപ്പോൾ സന്തോഷവതിയാണ്. എന്റടുത്ത് വരികയും  എന്നെ അറിയാമെന്ന് പറയുകയും ചെയ്‌തു . എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം. അവിടെ വച്ചാണ് കുഞ്ഞിനെ അവർ ഉപേക്ഷിച്ചത്. ഇനിയൊരിഞ്ച് മുന്നോട്ടുപോയി കഴിഞ്ഞാൽ എല്ലാവരും പിടിക്കപ്പെടും എന്ന തോന്നൽ ഉണ്ടായതുകൊണ്ടാണ് അവർ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചത്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും.” എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായാണ് കുട്ടിയെ കിട്ടിയതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ കാണാൻ എംഎൽഎ മുകേഷ് സ്റ്റേഷനിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്തു നിന്നാണ് ആറു വയസ്സുകാരി അബിഗേലിനെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി കുഞ്ഞിനെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.