‘മമ്മൂക്ക ഫാൻസ് ദേഷ്യത്തിൽ ചിലപ്പോൾ തല്ലിക്കൊന്നുകളയും’; ഒരു പഴയ പ്രഖ്യാപനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നാദിർഷ

Follow Us :

മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച ചിത്രം നടക്കാതെ പോയതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ നാദിർഷ. ഐ ആം എ ‍ഡിസ്കോ ഡാൻസർ എന്ന് പേരിട്ട സിനിമയിൽ നാദിർഷയുടെ സംവിധാനത്തിൽ മമ്മൂട്ടി എത്തുന്നു എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പിന്നീട് ഇതിനെ കുറിച്ച് അപ്ഡേറ്റുകൾ ഒന്നും വന്നില്ല. വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന ചിത്രത്തിൻറെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നാദിർഷ ഈ സിനിമയെ കുറിച്ചും സംസാരിച്ചത്.

“മമ്മൂക്കയുടെ അടുത്ത് കഥ പറഞ്ഞിട്ടുണ്ടായിരുന്നു. ഐ ആം എ ഡിസ്കോ ഡാൻസർ എന്ന് പറഞ്ഞിട്ട് ഒരു സബ്ജക്റ്റ്. മിമിക്രിയിലുള്ള പറവൂർ രാജേഷും പാണാവള്ളി രാജേഷും ചേർന്നെഴുതിയ തിരക്കഥ. രസമാണ്. ചിരിക്കാനൊക്കെയുള്ള ഒരു സാധനം. കുഴപ്പം എന്താണെന്നുവെച്ചാൽ കൊവിഡിനും ഒരു രണ്ട് വർഷം മുൻപായിരുന്നു അത്. ഇപ്പോൾ അഞ്ചാറ് വർഷം ആയില്ലേ? ആ വർഷങ്ങളുടെ വ്യത്യാസം ആ സബ്ജക്റ്റിനും ഉണ്ട്. പിന്നെ, മമ്മൂക്ക മാറി. മമ്മൂക്കയുടെ രൂപത്തിന് മാറ്റമില്ല എന്നേയുള്ളൂ. പക്ഷേ വേറൊരു തലത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിൽ നമ്മൾ ഒരു തമാശ കഥാപാത്രവുമായി ചെന്നിട്ട് ചീറ്റിപ്പോയാൽ മമ്മൂക്കയ്ക്ക് ഒന്നും പറ്റില്ല, നമ്മളെ ഒന്നും പറയുകയുമില്ല. ആ പഴയ സ്നേഹ​മൊക്കെത്തന്നെ വീണ്ടും ഉണ്ടാവും. പക്ഷേ മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഫാൻസ് ദേഷ്യത്തിൽ ചിലപ്പോൾ നമ്മളെ തല്ലിക്കൊന്നുകളയും. എന്തിനാണ് വെറുതെ”?, നാദിർഷ പറഞ്ഞു.