തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമേറിയ നടിമാരാണ് നയന്‍താരയും തൃഷയും. ഒരു കാലത്ത് മുന്‍നിര നായകന്മാരുടെ നായികമാരായി എത്തിയെങ്കില്‍ ഇപ്പോള്‍ തങ്ങള്‍ക്ക് തിളങ്ങാന്‍ സാധിക്കുന്ന വേഷങ്ങള്‍ തിരഞ്ഞെടുത്ത് മാത്രം അഭിനയിക്കുകയാണ് ഇരുവരും. തൃഷ അവസാനം വിജയിക്കൊപ്പം എത്തിയ ലിയോ വന്‍ വിജയമായി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. അതേ സമയം നയന്‍താര നായികയായി എത്തിയ ബോളിവുഡ് ചിത്രം ജവാന് 1000 കോടിയാണ് ബോക്സോഫീസില്‍ നേടിയത്. പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി തുടരുകയാണ് ഈ നായിക നടിമാര്‍. എന്നാല്‍ ഇതുവരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നില്ല. പലപ്പോഴും താര നിശകളിലും മറ്റും തൃഷയെയും നയന്‍താരയെയും ഒന്നിച്ച് നിരവധി തവണ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു വലിയ പ്രൊജക്ടിലൂടെ ഇരുവരും ഒന്നിക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് ഇപ്പോൾ തമിഴകത്തും നിന്നും പുറത്തു വരുന്ന വിവരം. മണിരത്നം കമല്‍ ഹാസനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഈ വിവരങ്ങൾക്ക് നിലവിൽ വിശ്വസ്ത വൃത്തങ്ങളിൽ നിന്നൊന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. കമലിന്റെ ജന്മദിനമായ നവംബര്‍ 7ന് ചിത്രത്തിന്റെ താരനിരയെ വെളിപ്പെടുത്തും.