നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ആഘോഷങ്ങളും സന്തോഷങ്ങളുമെല്ലാം മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും വരവിനു ശേഷം ഇവരെ ചുറ്റിപറ്റിയാണ്. എല്ലാ ആഘോഷ ദിവസങ്ങളും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് നയൻതാരയും വിഘ്നേഷ് ശിവനും എപ്പോഴും ശ്രമിക്കാറുള്ളത്. അത്തരത്തിൽ ഇത്തവണ കൊച്ചിയിൽ അമ്മയുടെ അടുത്തേക്കാണ് നയൻതാരയും വിഘ്നേഷ് ശിവനും ക്രിസ്മസ് ആഘോഷിക്കാൻ എത്തിയത്. ക്രിസ്മസിന് രണ്ട് ദിവസം മുമ്പ് തന്നെ വിക്കിയും നയൻതാരയും മക്കൾക്കൊപ്പം കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചിയിൽ തന്റെ മാതാപിതാക്കൾക്കൊപ്പമാണ് നയൻതാര ക്രിസ്മസ് ആഘോഷിച്ചത്. സിനിമയിൽ സജീവമായ ശേഷം തിരുവല്ലക്കാരി നയൻതാര ചെന്നൈയിൽ സെറ്റിൽഡാണ്. ഇത്തരം വിശേഷ ദിവസങ്ങൾ വരുമ്പോൾ മാത്രമാണ് കേരളത്തിലേക്ക് നയൻതാര എത്തുന്നത്. താരത്തിന്റെ പിതാവ് വാർധക്യസഹജമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നയാളാണ്. അതുകൊണ്ട് കൂടിയാണ് വിശേഷ ദിവസങ്ങളിൽ കൊച്ചിയിലേക്ക് നയൻസ് ഓടി എത്തുന്നത്. കൊച്ചിയിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ വിഘ്നേഷ് ശിവനും നയൻതാരയും സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്.
സ്നേഹത്തിലും പ്രാർത്ഥനയിലും വിശ്വസിക്കുന്ന എല്ലാവർക്കും ക്രിസ്മസ് ആശംസകൾ… ദൈവത്തിലും നിങ്ങളെ ജീവനോടെ നിലനിർത്തുന്ന എല്ലാ ശക്തമായ പ്രകടനങ്ങളിലും വിശ്വസിക്കുക എന്നായിരുന്നു കുടുംബചിത്രങ്ങൾ പങ്കിട്ട് വിഘ്നേഷ് ശിവൻ കുറിച്ചത്. എല്ലാവരും ക്രിസ്മസ് തീമിൽ വസ്ത്രം ധരിച്ചാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നയൻതാരയുടെ അമ്മ ഓമനയും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. നയൻതാരയുടെയും കുടുംബത്തിന്റെയും ക്രിസ്മസ് ആഘോഷങ്ങളിൽ നിന്നുള്ള മനോഹരമായ ഫോട്ടോകൾക്ക് ആരാധകരിൽ നിന്ന് വളരെയധികം സ്നേഹമാണ് ലഭിക്കുന്നത്. മുത്തശ്ശി ഓമന കുര്യനൊപ്പം കളിച്ചും ചിരിച്ചും ഇരിക്കുന്ന ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങളും വിഘ്നേഷ് പങ്കിട്ടിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഉയിരും ഉലകവും ഒന്നാം പിറന്നാൾ ആഘോഷിച്ചത്. അതിനുശേഷമാണ് മക്കളുടെ ചിത്രങ്ങൾ നയൻതാരയും വിഘ്നേഷ് ശിവനും സോഷ്യൽമീഡിയയിൽ പങ്കിട്ട് തുടങ്ങിയത്. കഴിഞ്ഞ ക്രിസ്മസിന് ഉയിരും ഉലകവും കൈക്കുഞ്ഞുങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഈ ക്രിസ്മസാണ് നയൻസിനും വിക്കിക്കും ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യാൻ പറ്റിയ ക്രിസ്മസ്.