Film News

‘നയൻതാരയുടെ സ്വസ്ഥത നഷ്‌ടപ്പെട്ടു’ ; ‘വിഘ്നേശിനെതിരെ നിയമനീക്കത്തിന് എസ്എസ് കുമാരൻ

തമിഴകത്തെ പ്രിയ താര ദമ്പതികളാണ് വിഘ്നേശ് ശിവനും നയൻതാരയും. കുടുംബ ജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഇരുവരും സിനിമാ രം​ഗത്തും ബിസിനസ് രം​ഗത്തും മുന്നേറുകയാണ്. ഇടയ്ക്കൊക്കെ താരങ്ങളുടെ പേരിൽ ചില ആരോപണങ്ങൾ ഒക്കെ സിനിമാ രംഗത്ത് നിന്നും ഉയർന്നു വരുന്നുമുണ്ട്. ഇതിനിടെ അജിത്തിനെ വെച്ച് സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ നിന്നും നിർമാണ കമ്പനിയുടെ അതൃപ്തി മൂലം വിഘ്നേശിന് പിൻവാങ്ങേണ്ടി വന്നിരുന്നു. വിഘ്നേശ് ശിവൻ  ചെയ്യാനിരുന്ന കഥ നിർമാണ കമ്പനിക്ക് ഇഷ്ടപ്പെടാത്തതായിരുന്നു പിന്മാറ്റത്തിന് കാരണം. കോളിവുഡിൽ വലിയ തോതിൽ ഈ വിഷയം ചർച്ചയായി മാറിയിരുന്നു. കരിയറിൽ തിരിച്ചടിയായെങ്കിലും അടുത്ത സിനിമയുടെ ചർച്ചകളിലേക്ക് വിഘ്നേശ് ശിവൻ കടന്നു. പ്രദീപ് രം​ഗനാഥനെ നായകനാക്കി എൽഐസി എന്ന സിനിമയാണ് വിഘ്നേശ് സംവിധാനം ചെയ്യാനിരുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ പൂജയും നടന്നു. വിഘ്നേശ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയിൽ പ്രദീപ് രം​ഗനാഥനെ കൂടാതെ കീർത്തി ഷെട്ടി, സം​ഗീത സംവിധായകൻ അനിരുദ്ധ്, നിർമാതാവ് ലളിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എന്നാലിപ്പോൾ സിനിമയെ സംബന്ധിച്ച് ഒരു പ്രശ്നം ഉടലെടുത്തിട്ടുണ്ട്.

എൽഐസി എന്ന പേരിനെ ചൊല്ലിയാണ് പ്രശ്നം. ഈ പേര് താൻ നേരത്തെ രജിസ്റ്റർ ചെയ്തതാണെന്ന വാദവുമായി സംവിധായകൻ എസ്എസ് കുമാരൻ രം​ഗത്ത് വന്നിട്ടുണ്ട്. വിഘ്നേശിനെതിരെ നിയമപരമായി നീങ്ങുമെന്നും ഇദ്ദേഹം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. വിഘ്നേശ് മാനേജർ‍ മുഖേന തന്നെ സമീപിച്ചിരുന്നു. എന്നാൽ പേര് വിട്ട് നൽകാൻ തയ്യാറായില്ല. താൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പേരാണ് ഇത്. പേര് താൻ രജിസ്റ്റർ ചെയ്തു എന്നറിഞ്ഞിട്ടും വിഘ്നേശ് എൽഐസി എന്ന പേര് ഉപയോ​ഗിച്ചത് നിയമപ്രകാരം തെറ്റാണെന്ന് മാത്രമല്ല ചെറിയ പ്രൊഡ്യൂസർമാരെ തകർക്കുന്ന പ്രവൃത്തിയാണെന്നും എസ്എസ് കുമരൻ ആരോപിച്ചു. വിഘ്നേശ് ശിവന്റെ സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെയാണ് പുതിയ പ്രശ്നം ഉടലെ‌ടുത്തിരിക്കുന്നത്. വിഘ്നേശിനൊപ്പം നയൻതാരയ്ക്കും ഈ വിഷയം തലവേദനയാകുന്നെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട്. കരിയറിൽ വിഘ്നേശിനിത് നല്ല സമയം അല്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അടുത്ത കാലത്തായി വിഘ്നേശും നയൻതാരയും തുടരെ വിവാദങ്ങളിൽ അകപ്പെടുന്നുണ്ട്. ജവാൻ സിനിമയുടെ പ്രാെമോഷന് എത്താത്തതിന്റെ പേരിൽ താരത്തിന് നേരെ വ്യാപക വിമർശനം വന്നു.

കഴിഞ്ഞ ദിവസം ചെന്നെെ വെള്ളപ്പൊക്കത്തിൽ ദുരിത ബാധിതരായവർക്ക് സഹായം എത്തിച്ചപ്പോഴും നയൻതാരയ്ക്ക് വിമർശനം വന്നു. സ്വന്തം കമ്പനിയുടെ പരസ്യത്തിനായി നയൻതാര ഈ അവസരം ഉപയോ​ഗിച്ചെന്നാണ് ഉയർന്ന് വന്ന വിമർശനം. അതേസമയം ഒന്നിന് പിറകെ ഒന്നായി നയൻതാരയുടെ സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. വിവാഹശേഷമോ ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷമോ കരിയറിൽ നയൻതാരയ്ക്ക് തിരക്ക് കുറഞ്ഞിട്ടില്ല. പ്രതിഫലക്കാര്യത്തിലും നടി മുൻപന്തിയിലാണ്. പത്ത് കോടി രൂപ വരെ ഒരു സിനിമയ്ക്ക് നയൻതാര പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴകത്ത് മറ്റൊരു നടിക്കും അവകാശപ്പെടാനില്ലാത്ത ബോക്സ് ഓഫീസ് മൂല്യം നയൻതാരയ്ക്കുണ്ട്. ഇതാണ് ഉയർന്ന പ്രതിഫലം താരത്തിന് നൽകാൻ നിർമാതാക്കൾ തയ്യാറാകുന്നതിന് കാരണം. മറുവശത്ത് വിഘ്നേശ് ശിവന്റെ കരിയർ ഉയർച്ചകളും താഴ്ചകളുമായി മുന്നോട്ട് പോകുകയാണ്. നാനും റൗഡി താൻ എന്ന 2015 ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും സംവിധായകനെന്ന നിലയിൽ വിഘ്നേശ് ശിവനില്ല. ഒടുവിൽ പുറത്തിറങ്ങിയ കാത്തുവാക്ക്ല രണ്ട് കാതൽ എന്ന സിനിമയും പരാജയപ്പെടുകയാണുണ്ടായത്.

Sreekumar R