‘പ്രതിഫലം കുറയ്ക്കില്ലെന്ന് നയൻതാര’ ; തമന്നയെ വെച്ച് ചെയ്‌ത പടം വൻഹിറ്റ്‌

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരുപാട് നടിമാർ വന്നു പോയിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ ഏറ്റവും വിലപിടിപ്പുള്ള നായിക നടിമാരിൽ ഏറ്റവും മുന്നിൽ തന്നെയുള്ള താരമാണ്  നയൻതാര. നടിക്ക് ലഭിക്കുന്ന ആരാധക പിന്തുണയും ചെറുതല്ല. പ്രതിഫലത്തിന്റെ കാര്യത്തിൽ പൊതുവെ വിട്ടുവീഴ്ച ചെയ്യാത്ത താരവുമാണ് നയൻതാര. ഈ ഒരു കാരണം കൊണ്ട് പല ഹിറ്റ്‌ സിനിമകളും നയൻതാരയ്ക്ക് നഷ്‌ടമായിട്ടുമുണ്ട്. അത്തരത്തിൽ നയൻതാരയുടെ കയ്യിൽ വന്നിട്ടും താരം വിട്ടു കളഞ്ഞ ഒരു സിനിമയാണ് പയ്യാ. 2010 ൽ പുറത്തിറങ്ങിയ ഈ ഹിറ്റ്  സിനിമയിൽ കാർത്തിയും തമന്നയുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. തമന്നയ്ക്ക് പകരം നയൻതാരയെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരി​ഗണിച്ചത്. എന്നാൽ നടി ഈ സിനിമ ചെയ്തില്ല. ഇതേക്കുറിച്ച് പയ്യയുടെ സംവിധായകൻ എൻ ലിം​ഗുസ്വാമി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ നയൻതാരയെയായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. ആ സമയത്ത് അവരുടെ ഏതോയൊരു പടം പരാജയപ്പെട്ടു. ശമ്പളം നിങ്ങൾ തന്നെ അൽ‌പ്പം കുറയ്ക്കണമെന്ന് ഞങ്ങളുടെ സൈഡിൽ നിന്ന് ആവശ്യപ്പെട്ടു. എന്നാൽ നയൻതാരയ്ക്ക് അത് ഇഷ്ടപ്പെട്ടില്ലെന്ന് ലിം​ഗുസ്വാമി പറയുന്നു. പെട്ടെന്നെങ്ങനെയാണ്, എന്റെ ജോലി ഞാൻ ചെയ്യുന്നു അതിലെന്താണെന്ന് എന്നൊക്കെ പറഞ്ഞു. അത് വലിയ വാർത്തയായി. ഞങ്ങൾക്ക് വലിയ പബ്ലിസിറ്റിയായി. ആ സമയത്താണ് ആദവൻ സിനിമയ്ക്ക് അവർ ഡേറ്റ് നൽകുന്നത്.

പയ്യയിലേക്ക് നയൻതാരയ്ക്ക് പകരം തമന്നയെ കാസ്റ്റ് ചെയ്തെന്നും ലിം​ഗുസ്വാമി വ്യക്തമാക്കി. പയ്യ സിനിമ തമന്നയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. ഈ സിനിമയിലൂടെ നടി തമിഴകത്തെ സെൻസേഷനായി മാറി. പയ്യക്ക് പകരം നയൻതാര ചെയ്ത ആദവൻ എന്ന സിനിമ പരാജയപ്പെടുകയും ചെയ്തു. തമന്ന തമിഴകത്തെ തിരക്കുള്ള നടിയായി മാറുന്നത് പയ്യക്ക് ശേഷമാണ്. തമന്ന, കാജൽ അ​ഗർവാൾ, ഹൻസിക തുടങ്ങിയ നടിമാർ തമിഴകത്ത് സെൻസേഷനായി മാറിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. നയൻതാര, തൃഷ തുടങ്ങിയ നടിമാർക്ക് അക്കാലത്ത് കരിയറിൽ ഇത് തിരിച്ച‌ടിയായി. ഇരുപത് വർഷമായി സിനിമാ രം​ഗത്ത് തുടരുന്ന നയൻതാരയ്ക്ക് മാർക്കറ്റ് വാല്യു കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. എന്താണ് നയൻതാരയുടെ വിജയമന്ത്രമെന്ന് സിനിമാ ലോകത്തുള്ളവരും  ചോദിക്കാറുണ്ട്.

മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കിയത് പ്രതിഫലത്തിലെ കടും പി‌ടുത്തം കാരണമാണെന്നാണ് പറഞ്ഞു കേൾക്കുന്നത്. 12 കോടി രൂപയാണ് നടി പ്രതിഫലമായി ചിത്രത്തിന് വേണ്ടി  ആവശ്യപ്പെട്ടത് എന്നാണ് ലഭിക്കുന്ന സൂചന. നയൻതാരയ്ക്ക് പകരം തൃഷയാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്‌തിരിക്കുന്നത്. നേരത്തെയും വൻ ഹിറ്റായ ചില സിനിമകൾ പ്രതിഫലത്തിലെ കടുംപിടുത്തം കാരണം നയൻതാരയ്ക്ക് നഷ്ടമായിട്ടുണ്ട്.  അതേസമയം വ്യക്തിപരമായ കാരണങ്ങൾ കാരണം സിനിമാ രം​ഗത്ത് നിന്നും ഒരു ഘട്ടത്തിൽ നയൻതാര വിട്ടു നിൽക്കുകയും ചെയ്തു. പിന്നീട് 2013 ലാണ് ശക്തമായ തിരിച്ച് വരവ് നടിക്ക് സാധ്യമാകുന്നത്. പ്രതിഫലത്തിന്റെ പേരിൽ മണിരത്നം സിനിമയിൽ നിന്ന് നയൻതാരയെ  ഒഴിവാക്കിയെന്ന വാർത്ത ആരാധകരെ നിരാശപ്പെടുത്തുന്നുമുണ്ട്. ഇതുവരെയും ഒരു മണിരത്നം ചിത്രത്തിൽ നയൻതാര അഭിനയിച്ചിട്ടുമില്ല. പൊന്നിയിൻ സെൽവനിൽ നടിയെ പരി​ഗണിച്ചിരുന്നെങ്കിലും അവസാനം ഈ അവസരം ലഭിച്ചത് തൃഷയ്ക്കാണ്. ജവാൻ, ഇരവൈൻ എന്നിവയാണ് നയൻതാരയുടെ ഒ‌ടുവിൽ പുറത്തിറങ്ങിയ സിനിമകൾ. നയൻതാര വേഷമിടുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ജവാൻ. ജവാനിൽ ഷാരൂഖ് ഖാൻ ആണ് നായകൻ ആയെത്തിയത്. ജവാൻ മികച്ച വിജയം നേടി. പത്ത് കോടി രൂപയാണ് ജവാനിൽ നയൻതാര വാങ്ങിയ പ്രതിഫലം. ജയം രവി ആണ് ഇരൈവനിൽ നയൻതാരയ്‌ക്കൊപ്പം വേഷമിട്ടത്. എന്നാൽ ഇരവൈൻ പരാജയപ്പെട്ടു. അതേസമയം  താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.