റെഡ് കാര്‍പ്പറ്റില്‍ തിളങ്ങാന്‍ നയന്‍താര: കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങാന്‍ തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയും. മേളയുടെ ആദ്യ ദിനത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിലാണ് നയന്‍സം ഇടം പടിച്ചിരിക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് കൂടിയായ ഇന്ത്യന്‍ സംഗീത ലോകത്തിന്റെ അഭിമാനം എ. ആര്‍ റഹ്‌മാന്‍ ആണ് മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മറ്റൊരു പ്രധാന വ്യക്തിത്വം. റഹ്‌മാന് പുറമെ റിക്കി കെജ്, ഗായകന്‍ മമെ ഖാന്‍, അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദീഖി, മാധവന്‍, പൂജ ഹെഗ്‌ഡെ, തമന്ന ഭാട്ടിയ, വാമി ത്രിപാഠി എന്നിവരും രാജ്യത്തെ പ്രതിനിധീകരിക്കും.

മെയ് 17ന് ആണ് ചലച്ചിത്ര മേളയുടെ ആരംഭം. മേളയുടെ ജൂറി അംഗമായി തെരഞ്ഞെടുക്കപ്പെടുക വഴി നടി ദീപീക പദുക്കോണ്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മെയ് 28ന് മേള അവസാനിക്കും.

നടി നയന്‍താര മേളയില്‍ പങ്കെടുക്കുക വഴി കേരളത്തിന് ഇത് അഭിമാന നിമിഷമാകും. മേളയില്‍ പങ്കെടുത്ത് റെഡ് കാര്‍പ്പറ്റില്‍ തിളങ്ങുന്നതിനായി നയന്‍താര ഏത് വസ്ത്രമാണ് തിരഞ്ഞെടുക്കുക എന്ന ആകാംഷയിലാണ് ആരാധകര്‍.

കൈരളി ടി. വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നു വന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടു രാജാവ് എന്ന ചിത്രത്തില്‍ സഹ നടിയായി അഭിനയിച്ചു.

മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നി മോഹിനി, ഇരുമുഖന്‍, അയ്യാ തുടങ്ങിയവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്ര സര്‍ക്കാരിന്റെ നന്തി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. പുതിയ നിയമം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചത്.

Vishnu