Film News

ആരാധകരെ നിരാശരാക്കില്ല എന്ന ഉറപ്പ് മാത്രം; 12 ദിനങ്ങൾ മാത്രം ബാക്കി, നേരിന്റെ വമ്പൻ അപ്ഡേറ്റ് ഇതാ, ആവേശത്തിൽ ആരാധകർ

ഒന്ന് ഇടറി നിൽക്കുമ്പോഴെല്ലാം വൻ വിജയവുമായി തിരിച്ച് വന്ന ചരിത്രമാണ് മോഹൻലാലിനുള്ളത്. തുടർച്ചയായി മൂന്നാം വർഷവും ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം എത്തുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകൻറെ കുപ്പായമണിയുന്നു എന്നതും നേര് സിനിമയുടെ ഹൈപ്പ് കൂട്ടുന്നുണ്ട്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 നാണ് ചിത്രം എത്തുക. ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ് എന്നത് മാത്രമാണ് ചിത്രത്തെക്കുറിച്ച് പുറത്ത് വന്നിട്ടുള്ള വിവരം. റിലീസിന് 12 ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഒരു വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.

നേര് ട്രെയ്ലർ നാളെ (9) വൈകിട്ട് അഞ്ചിന് എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിൻറെ നിർമ്മാണം. എലോണിന് ശേഷം ആശിർവാദ് നിർമ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ൽ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാർഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിൻറെ ആവശ്യപ്രകാരമാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചത്.

ദൃശ്യം 2 ൻറെ സെറ്റിൽ വച്ച് ശാന്തി പല കേസുകളെക്കുറിച്ചും പറയുമായിരുന്നു. ഞാനൊരു സാഹചര്യത്തക്കുറിച്ച് പറഞ്ഞു. അതിൽ നിന്ന് ഒരു ആശയമുണ്ടായി. ഈ സിനിമയിലെ പല കാര്യങ്ങൾ നമ്മൾ ചുറ്റുവട്ടത്ത് കണ്ടിട്ടുള്ളതാണ്. ഒരു യഥാർഥ സംഭവം എന്ന് പറയാൻ പറ്റില്ല. മറിച്ച് പല ചെറിയ ചെറിയ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമെന്ന് പറയാം. ശാന്തിയോട് ഇത് എഴുതാൻ ആവശ്യപ്പെട്ടതും ഞാനാണ്, ജീത്തു ജോസഫ് പറഞ്ഞിരുന്നു. ചിത്രത്തിൻറെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, ഡിസൈൻ സേതു ശിവാനന്ദൻ.

Gargi