ബെംഗളൂരുവിലെ ഹിറ്റ് ആൻഡ് റൺ കേസിൽ ഇടിച്ച കാർ നടി ദിവ്യ സുരേഷിന്റേതെന്ന് പൊലീസ് സ്ഥിരീകരിച്ചു

ബംഗളൂരുവിൽ മൂന്ന് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാറ് കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4-ന് പുലർച്ചെയാണ് അപകടം നടന്നത്.

ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപം അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിൽ സഞ്ചരിച്ചിരുന്ന കിരൺ, അനുഷ, അനിത എന്ന യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മൂവർക്കും പരിക്കേറ്റു. പിന്നാലെ ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്തും സമീപ പ്രദേശങ്ങളിലും നിന്നുള്ള നിരവധി  സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വാഹനത്തിന്റെ ഉടമസ്ഥതയും, അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദിവ്യ സുരേഷ് തന്നെയാണെന്നതും സ്ഥിരീകരിച്ചത്.

വാഹനം പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും, കേസിന്റെ തുടർനടപടികൾ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും പൊലീസ് വ്യക്തമാക്കി.