ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാരണം ദന്തചികിത്സയെന്ന് റിപ്പോർട്ട്

ജറുസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ ജറുസലമിലെ ഹദസ്സ ഐൻ കെരെം (Hadassah Ein Kerem) മെഡിക്കൽ സെന്ററിലേക്ക് മാറ്റിയത്. ഔദ്യോഗിക വിശദീകരണമനുസരിച്ച് ദന്തചികിത്സയുടെ (Dental treatment) ഭാഗമായാണ് പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇസ്രയേലി മാധ്യമങ്ങളിൽ നെതന്യാഹുവിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. 76-കാരനായ നെതന്യാഹുവിന്റെ മുൻകാല ആരോഗ്യവിവരങ്ങൾ ഒളിച്ചുവെക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടയിലാണ് പുതിയ ആശുപത്രി വാസമെന്നതും ശ്രദ്ധേയമാണ്.