ഇന്ത്യയുടെ സൈനിക നീക്ക൦ ഞെട്ടിച്ചു, ഇനിയും തങ്ങളും സൈന്യത്തെ ശക്തിപ്പെടുത്തും, പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫ്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ സൈനികനടപടി ഭയന്ന് പാകിസ്താന്‍. ഇന്ത്യയുടെ സൈനിക നീക്കത്തിൽ പാകിസ്താൻ ഞെട്ടിയെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. ഇന്ത്യയുടെ സൈനിക കടന്നുകയറ്റം ആസന്നമാണെന്നും, പാകിസ്താൻ സൈന്യത്തെ ശക്തിപ്പെടുത്തുകയാണ് എന്നും പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഇന്ത്യയെ നേരിടാൻ സൈനികതലത്തിൽ തയാറെടുപ്പുകൾ നടത്തുകയാണെന്നും ചില നിർണായക തീരുമാനങ്ങൾ പാകിസ്താൻ എടുത്തിട്ടുണ്ടെന്നും ഖവാജ ആസിഫ് പറഞ്ഞു.

ഇന്ത്യന്‍ സൈന്യം പാകിസ്താനുനേരേ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് പാക് സൈന്യം അറിയിച്ചിട്ടുണ്ടെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. എന്നാൽ ഇതേക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല. അതേസമയം, മുൻപ് ഖവാജ മുഹമ്മദ് ആസിഫ്, പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. അതുപോലെ പാകിസ്താന് പഹൽഗാം ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ലെന്നും ഇന്ത്യയുടെ കുറ്റപ്പെടുത്തൽ മാത്രമാണതെന്നും പാക് പ്രതിരോധമന്ത്രി പ്രതികരിച്ചിരുന്നു.

തീവ്രവാദത്തിന്റെ ഇരയായി പാകിസ്താൻ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇന്ത്യയുടെ ആരോപണങ്ങൾ പരിശോധിക്കണം.ഒരു അന്താരാഷ്ട്ര അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം. ഇന്ത്യ പൊള്ളയായ പ്രസ്താവനകൾ നടത്തരുതെന്നും പഹൽഗാം ഭീകരാക്രമണത്തിലുള്ള പാക് ബന്ധത്തിന് തെളിവുകൾ ഉണ്ടായിരിക്കണമെന്നുമാണ്, ഖവാജ മുഹമ്മദ് ആസിഫ് പറഞ്ഞിരുന്നത്.