സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ജോഷി ചിത്രമാണ് പാപ്പന്. ആര് ജെ ഷാന്‍ തിരക്കഥയൊരുക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസിലെ ഗ്രോസും ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ നേടിയ തുകയും ചേര്‍ത്ത് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം അവിടെയും ഹിറ്റായി കൊണ്ടിരിക്കുകയാണ്.
പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 നാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. രണ്ട് ദിവസത്തിനിപ്പുറം പ്ലാറ്റ്ഫോമിലെ സിനിമകളുടെ ഇന്ത്യന്‍ ടോപ്പ് 10 ല്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പാപ്പന്. രണ്ടാം സ്ഥാനത്ത് വിദ്യുത് ജാംവാല്‍ നായകനായ ഹിന്ദി ചിത്രം ഖുദ ഹഫിസും മൂന്നാമത് കിച്ച സുദീപ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം വിക്രാന്ത് റോണയുമാണ്. സീ 5 പ്ലാറ്റ്ഫോമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ട്രീം ചെയ്യുന്ന ഒരു മലയാള ചിത്രം ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടുന്നത്.
ജൂലൈ 29ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് പാപ്പന്. ചിത്രത്തിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് പാപ്പന് റിലീസ് ചെയ്തത്. കേരളത്തിന് പുറത്ത് 600 സ്ക്രീനുകലിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.