‘പളുങ്ക്’ പുറത്തിറങ്ങി 17 വര്‍ഷം തികയുമ്പോള്‍!! ഹൃദയഹാരിയായ കുറിപ്പ് പങ്കിട്ട് ബ്ലെസി

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ ചിത്രങ്ങളില്‍ ഒന്നാണ് പളുങ്ക്. മമ്മൂട്ടി, നസ്രിയ, ലക്ഷ്മി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രമാക്കി ബ്ലെസിയൊരുക്കിയ ചിത്രമായിരുന്നു പളുങ്ക്. ഇന്നിതാ ചിത്രം തിയ്യേറ്ററിലെത്തിയതിന്റെ 17ാം വാര്‍ഷികമാണ്. ആ സന്തോഷം ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെ പങ്കിട്ടിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി.

‘പളുങ്ക് പുറത്തിറങ്ങി 17 വര്‍ഷം തികയുമ്പോള്‍, ഞങ്ങളുടെ ആത്മാവിനെ നടുക്കിയ കഥ ഞങ്ങള്‍ വീണ്ടും സന്ദര്‍ശിക്കുന്നു. വേദനയിലേക്ക് നയിക്കുന്ന അമിതമായ അഭിലാഷത്തിന്റെ റിയലിസ്റ്റിക് ചിത്രീകരണം, ശാരീരിക പീഡനങ്ങളുടെ നിര്‍ഭാഗ്യകരമായ സംഭവങ്ങളുമായി സമൂഹം ഇപ്പോഴും പിടിമുറുക്കുന്നതിനാല്‍ സിനിമയുടെ പ്രമേയം പ്രസക്തമായി തുടരുന്നു”, പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ‘പളുങ്ക്’ 17 വര്‍ഷങ്ങള്‍ പിന്നിടുന്നെന്ന് പറഞ്ഞ് ബ്ലെസി കുറിച്ചു.

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മലയോര ഗ്രാമത്തില്‍ താമസിക്കുന്ന ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ‘പളുങ്ക്’ സമകാലിക പ്രസക്തമായ വിഷയമാണ് സംവദിക്കുന്നത്. മോനിച്ചന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. മോനിച്ചനായി മമ്മൂട്ടിയും സൂസമ്മയായി ലക്ഷ്മി ശര്‍മ്മയും എത്തിയപ്പോള്‍ ആരാധകലോകവും പളുങ്കുപോലെ മോനിച്ചന്റെ കുടുംബത്തിനെ നെഞ്ചിലേറ്റി.

ജഗതി ശ്രീകുമാറും നെടുമുടി വേണുവും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു. മമ്മൂട്ടിയുടെ മക്കളായി എത്തിയത് നസ്‌റിയ നസ്‌റീമും നിവേദിതയുമാണ്. സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണവും രാജാ മുഹമ്മദ് ചിത്രസംയോജനവും നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം പകര്‍ന്നത്. മൂവാറ്റുപുഴയിലെയും തൊടുപുഴയിലെയും വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിലും ദേശീയ അവാര്‍ഡ് നോമിനേഷനിലും മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു.