‘ആവേശ’ക്കാര്‍ 100 കോടി ഉണ്ടാക്കി വീട്ടില്‍ പോയി!! ‘ആവേശം’ കയറി ഓരോന്ന് ചെയ്യാന്‍ പോയാല്‍ ആശുപത്രിയില്‍ കിടക്കാം, ചിലപ്പോള്‍ മോര്‍ച്ചറിയിലും!!

ജീത്തു മാധവന്‍ ഫഹദിനെ നായകനാക്കിയൊരുക്കിയ ആവേശം മലയാളത്തില്‍ പുതിയ റെക്കോര്‍ഡിട്ട് കുതിയ്ക്കുകയാണ്. ഇതിനോടകം തന്നെ ചിത്രം 120 കോടി കലക്ഷനിട്ടുകഴിഞ്ഞു. യുവാക്കളെ ആവേശം കൊള്ളിച്ച് ആവേശം കുതിയ്ക്കുകയാണ്. രങ്കണ്ണനായി ഫഹദിനെ ആരാധക ലോകം ഏറ്റെടുത്തു കഴിഞ്ഞു.
ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ആവേശം തീയ്യേറ്ററില്‍ പടരുമ്പോള്‍ ഒരു ആരാധിക പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ‘ആവേശം’ കയറി ഓരോന്ന് ചെയ്യാന്‍ പോയാല്‍ ആശുപത്രിയില്‍ പോയി കിടക്കാം, ചിലപ്പോള്‍ മോര്‍ച്ചറിയിലുമാകുമെന്നാണ് പവിത്ര ഉണ്ണി പറയുന്നത്.

ഡാ മോനെ, രംഗ ഹീറോയാടാ ഹീറോ??

Spoiler Alert: ആവേശം

അടി,ഇടി,വെട്ട്,കുത്ത്,രക്തം, തല വെട്ടിപ്പൊളിക്കല്‍, കൈ പിടിച്ചു തിരിച്ചു ഒടിക്കല്‍ ഇത്യാദി ആഘോഷപരിപാടികളില്‍ തരിമ്പും താല്പര്യം ഇല്ലാത്ത ഒരു സിനിമ പ്രേക്ഷകയാണ് ഞാന്‍. ആ എന്നെ ഈ സിനിമയ്ക്ക് മുന്നില്‍ പിടിച്ചിരുത്തിയത് ഒറ്റ വാചകമാണ്-Re Introducing FaFa. അതെന്ത് സംഭവം എന്നറിയാന്‍ തീയേറ്ററിലേക്ക് വച്ച് പിടിച്ചു. ആവേശം എനിക്കിഷ്ടപ്പെട്ടു??. ഡയറക്ടര്‍ ജിത്തു മാധവന്‍ ഏതോ ഇന്റര്‍വ്യൂവില്‍ പറഞ്ഞ പോലെ അഴിച്ചു വിട്ടിരിക്കുവാ ഫഹദിനെ. ഒരു ഗുണ്ട നേതാവിന് വേണ്ട ശരീരമോ ക്രൂരതയോ ഒന്നും നമ്മള്‍ മിസ് ചെയ്യില്ല. കാരണം ഇങ്ങേര്‍ ഇങ്ങനെ സ്‌ക്രീനില്‍ അഴിഞ്ഞാടുവല്ലേ?

വെള്ള ഷര്‍ട്ടും പാന്റും മാത്രം ഇടുന്ന, കിലോക്കണക്കിന് സ്വര്‍ണം കഴുത്തിലും കൈയിലും ഇട്ടോണ്ട് നടക്കുന്ന(ബപ്പി ലഹരിയെയാണ് ആദ്യം ഓര്‍മ വന്നത്) കന്നഡയും മലയാളവും ഹിന്ദിയും മാറി മാറി ഉപയോഗിക്കുന്ന ഒരു ഗുണ്ടാ നേതാവായി ഫഹദ് പരകായപ്രവേശം നടത്തിയിട്ടുണ്ട്. ആക്ഷന്‍ പറഞ്ഞു കഴിയുമ്പോള്‍ ഒരു ട്രാന്‍സ് പൊസിഷനിലേക്ക് മാറുന്നുണ്ടോ ഈ നടന്‍ എന്ന് സംശയമുണ്ട്. അത്രയ്ക്ക് മാരകമായ ട്രാന്‍സ്‌ഫോര്‍മേഷന്‍. Dumb Comedy Action movie എന്ന ഗണത്തില്‍പ്പെടുത്താവുന്ന ഒരു സ്വാഗ് പടം.

കഥ ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയാമ്പാടില്ല സാറെ. ഉണ്ടെങ്കില്‍ തന്നെ പഴയത് തന്നെ. ബോളിവുഡിന് മുന്ന ഭായ്, കോളിവുഡിന് വസൂല്‍ രാജ, ദേ ഇപ്പോള്‍ മോളിവുഡിന് രംഗണ്ണന്‍. സിനിമയില്‍ നായിക ഇല്ല. രണ്ട് അമ്മമാരും 2 പെയ്ഡ് എസ്‌കോര്‍ട്‌സും ഒരു റിസെപ്ഷനിസ്റ്റും അല്ലാതെ മര്യാദയ്ക്ക് ഒരു സ്ത്രീ കഥാപാത്രത്തെ പോലും എഴുതാന്‍ മെനക്കെടാത്ത ഒരു സ്‌ക്രിപ്റ്റ് ആണെന്ന പരാതി മറച്ചു വയ്ക്കുന്നില്ല. എത്ര കാലം ഞങ്ങള്‍ പെണ്ണുങ്ങള്‍ ഈ ആണ്‍ കഥകള്‍ തന്നെ കാണും മല്ലയ്യ? അതെന്താ അടിപ്പടത്തില്‍ പെണ്ണുങ്ങള്‍ക്ക് കഥയില്ലേ?

മദ്യവും സിഗരറ്റും പച്ചവെള്ളം പോലെ സേവിക്കുന്ന ഒരു കൂട്ടം അലമ്പന്മാരുടെ സംസ്ഥാന സമ്മേളനത്തിന് ചെന്നെത്തിയ പോലെയാണ് ആദ്യ ഭാഗം. ഈ സിനിമ കാണുന്ന, വിജയിപ്പിക്കുന്ന ആണുങ്ങളുടെ അഡ്രെനലിന്‍ റഷ് എനിക്ക് സങ്കല്‍പ്പിക്കാം-ഡ്രീം ലൈഫ് സെറ്റപ്പ് അല്ലയോ?

ഈ മാനറിസം എവിടെയോ കണ്ടിട്ടുണ്ടല്ലോ രംഗണ്ണാ എന്നാലോചിച്ചിരുന്നപ്പോഴാണ് ഭരദ്വാജ് രംഗന്റെ റിവ്യൂ കണ്ടത്. കിട്ടിപ്പോയി! നമ്മുടെ ജിം കാരിയുടെ ചില ചേഷ്ടകള്‍ ഓര്‍മിപ്പിക്കുന്നുണ്ട് രംഗണ്ണന്റെ കഥാപാത്രസൃഷ്ടി.

എന്തായാലും തല്ലാന്‍ വേണ്ടി മാത്രം തല്ലുണ്ടാക്കി രസിക്കുന്ന തല്ലുമാലയെക്കാള്‍ എനിക്ക് രസിച്ചു ആവേശം. ഏത് ഗുണ്ടയ്ക്കും ഒടുവില്‍ വേണ്ടത് സ്‌നേഹമാണെന്ന് പറഞ്ഞു വച്ചതും കൊള്ളാം. ഇന്‍സ്റ്റാഗ്രാമില്‍ പോലും ലൈക്ക് കിട്ടാത്ത രംഗയെ ആര്‍ക്കും ഒന്നിഷ്ടമാകും. ടാലെന്റ് ടീസറില്‍ പറയും പോലെ ഗുണ്ട ആയില്ലായിരുന്നെങ്കില്‍ എവിടെ എത്തേണ്ട ആളാണെന്ന് നമ്മളും പറയും. പക്ഷെ ഒരു കുഴപ്പമുണ്ട് വര്‍മ സാറെ, അല്ല ജിത്തു സാറെ, സിനിമ ഒരു അധോലോക സറ്റയര്‍ ആണെന്ന് പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും തിരിയണം എന്നില്ല. ഇതൊരു കോമഡി മൂവി ആയി ലോജിക് ഒക്കെ വീട്ടില്‍ വച്ചിട്ട് വന്നു കാണാന്‍ കഴിഞ്ഞാല്‍ ഓക്കേ. സിനിമ സമൂഹത്തെയാണോ സ്വാധീനിക്കുന്നത് സമൂഹം സിനിമയെ ആണോ സ്വാധീനിക്കുന്നത് എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ലെങ്കിലും ഈ വയലന്‍സ് ഒക്കെ എന്ന് മുതലാണ് എന്റര്‍ടൈന്‍മെന്റ് ആയത് എന്നാലോചിക്കുന്ന ഒരു തള്ള വൈബ് തികട്ടി വരുന്നുണ്ട്. ഇതേ template ലേക്കാണ് മലയാള സിനിമയുടെ പോക്കെങ്കില്‍ ഒന്നും പറയാനില്ല.

സൈക്കോ കഥാപാത്രങ്ങള്‍ ഫഹദിന്റെ കയ്യില്‍ ഭദ്രമെന്ന് ആവേശം തെളിയിക്കുന്നുണ്ട്. ഷമ്മി വയലന്റ് ആകും മുന്‍പേ മൂലയ്ക്ക് പോയി നിന്നു കരയുമെങ്കില്‍, രംഗ ചുമരിലേക്ക് നോക്കി പിന്നില്‍ കൈ കെട്ടി നില്‍ക്കുന്നു എന്ന വ്യത്യാസമുണ്ട്. ഹോംസ്റ്റേയിലേക്ക് ഒളിഞ്ഞു നോക്കുന്ന അല്‍പനാണ് ഷമ്മിയെങ്കില്‍, അടി choreography ചെയ്തു കണ്ടു രസിക്കുന്ന സൈക്കോയാണ് രംഗ. സര്‍വഗുണ സമ്പന്നന്മാരായ നായകരില്‍ നിന്നൊക്കെ നമ്മള്‍ മുന്നോട്ട് വരുന്നത് നല്ലത് തന്നെ. ആളുകള്‍ ഗ്രേ ആണെന്നാണല്ലോ പുതുയുഗ സൈക്കോളജി. എങ്കിലും മിണ്ടിയാല്‍ തല്ലുന്ന, കൊല്ലുന്ന അതികായന്മാരെ കണ്ട് ആര്‍പ്പുവിളിക്കുന്ന, പൈസയും കൊടുത്ത് പഠിക്കാന്‍ വന്നാലും പരീക്ഷയും പാസാകലും മാറ്റിവച്ച് കുടിക്കാനും മദിക്കാനും പോകാനാണ് താല്പര്യം എന്ന് വിളിച്ചു പറയുന്ന,ഈ ന്യൂ ജനറേഷന്‍ വൈബ് മാത്രം എനിക്ക് പിടികിട്ടുന്നില്ല. ഞങ്ങള്‍ വസന്തങ്ങള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കേണ്ട. നിങ്ങള്‍ എന്തെങ്കിലും കാണിക്ക്! എല്ലാരും ഹാപ്പി അല്ലെ?

അയ്യോ! പറയാന്‍ മറന്നു. മായാവിയിലെ വിക്രമനെ ഓര്‍മിപ്പിക്കുന്ന വരയന്‍ ബനിയനുമിട്ട്, കട്ടി മീശയും കുട്ടികളുടെ മനസുമായി, രംഗണ്ണനെ ഇങ്ങനെ തള്ളി തള്ളി മറിക്കുന്ന അമ്പാന്‍ കിടിലന്‍ ആയിട്ടുണ്ട്. അജു-ബിബി-ശാന്തന്‍, മൂവരും നന്നായി ചെയ്തിട്ടുണ്ട്. നഞ്ചപ്പയും ബിബിയുടെ അമ്മയും രസിപ്പിച്ചു.

ആനി സ്വന്തം കുഞ്ഞിനെ സ്‌നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്‌നേഹിക്കാമോ എന്ന് അന്ന് രാജീവ് മേനോന്‍ ചോദിച്ച പോലെ…അമ്പാന്‍ രംഗണ്ണനെ സ്‌നേഹിക്കുന്നത് പോലെ നിങ്ങള്‍ക്ക് ഈ പോസ്റ്റിനെ സ്‌നേഹിക്കാന്‍ പറ്റുമോ? ഇല്ലെങ്കില്‍ വേണ്ട?? ആവേശക്കാര്‍ 100 കോടി ഉണ്ടാക്കി വീട്ടില്‍ പോയി. ഇത് കണ്ട് ആവേശം കയറി ഓരോന്ന് ചെയ്യാന്‍ പോയാല്‍ ആശുപത്രിയില്‍ പോയി കിടക്കാം, ചിലപ്പോള്‍ മോര്‍ച്ചറിയിലും. തള്ള അല്ല ഛെ ഞാന്‍ പോണേണ്.

ആത്മഗതം: ഇവന്മാര്‍ക്ക് ഇത്ര നല്ല വൈബ് ഉള്ള ‘ഇല്ലുമിനാട്ടി’ പാട്ട് ടെയില്‍ എന്‍ഡില്‍ മാത്രം ഇടാതെ ഇടയ്ക്ക് കൂടി ഇടാമായിരുന്നു. ശ്രദ്ധിക്ക് ജിത്തു ശ്രദ്ധിക്ക്! എന്നു പറഞ്ഞാണ് പവിത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്.