‘ഷമി നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്’ ; വിവാഹ വാഗ്‌ദാനവുമായി നടി   

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ. ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനങ്ങളുമായി ക്രീസിൽ തകര്‍ക്കുകയാണ്. ഇതുവരെ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചത് മുഹമ്മദ് ഷമിയാണ്. ഇതിനിടെ കളത്തിന് പുറത്തും മുഹമ്മദ് ഷമി താരമായി മാറുകയാണ്. ബോളിവുഡ് ലോകത്തും മുഹമ്മദ് ഷമി ചര്‍ച്ചാ വിഷയമായി മാറുകയാണ്. ഷമിയോട്  ഒരു ബോളിവുഡ് നടി വിവാഹ അഭ്യര്‍ത്ഥന നടത്തിയതോടെയാണ് ബോളിവുഡിലും ഷമി ചര്‍ച്ചാ വിഷയമായത്. നടി പായല്‍ ഘോഷ് ആണ് മുഹമ്മദ് ഷമിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. മുമ്പും ലോകകപ്പ് സമയത്ത് പല നടിമാരും വിവാഹ വാഗ്ദാനങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിന് പിന്നാലെയായിരുന്നു പായല്‍ ഘോഷ്  വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയത്.

നീ നിന്റെ ഇംഗ്ലീഷ് ശരിയാക്കിക്കോളൂ ഷമി, നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നായിരുന്നു പായല്‍ ഘോഷിന്റെ എക്സ് അകൗന്റിലൂടെയുള്ള പോസ്റ്റ്. പിന്നാലെ  ഈ എക്സ് പോസ്റ്റ്  വൈറലായി മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലെങ്ങും താരം പായല്‍ ഘോഷായി മാറുകയും ചെയ്തു. എന്നാൽ  പായലിന്റെ പോസ്റ്റിനോട് ഷമി ഇതുവരേയും പ്രതികരിച്ചിട്ടില്ല. കൊല്‍ക്കത്തക്കാരിയാണ് പായല്‍ ഘോഷ്. കുട്ടിക്കാലം മുതലേ അഭിനയം വലിയ മോഹമായിരുന്നു. അങ്ങനെയാണ് പായല്‍ ഘോഷ് മുംബൈയിലെത്തുന്നത്. വീട്ടില്‍ നിന്നും ഓടിപ്പോരുകയായിരുന്നുവെന്നാണ് പായല്‍ പറയുന്നത്. മുംബൈയില്‍ പഠനത്തോടൊപ്പം സിനിമയില്‍ അവസരങ്ങള്‍ തേടുകയുമായിരുന്നു പായല്‍. അഭിനയം പഠിക്കുന്നതിനിടെയാണ് പായല്‍ പ്രയാണം എന്ന സിനിമയിലൂടെ അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളില്‍ പായല്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും പായല്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2020 ല്‍ പായല്‍ രാംഗാസ് അത്തേവാലയുടെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റുമായിരുന്നു പായല്‍ ഘോഷ്. അതേസമയം വിവാദങ്ങളും പായല്‍ ഘോഷിനെ തേടിയെത്തിയിട്ടുണ്ട്. 2020 ല്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക അതിക്രമത്തിന് പായല്‍ കേസ് നല്‍കിയിരുന്നു. എന്നാല്‍ പായലിന്റെ ആരോപണം അനുരാഗ് നിഷേധിക്കുകയായിരുന്നു. പായല്‍ പരാതിയില്‍ പറയുന്ന സംഭവം നടക്കുന്ന സമയത്ത് താന്‍ ഷൂട്ടിംഗിനായി ശ്രീലങ്കയിലായിരുന്നുവെന്ന് അനുരാഗ് തെളിവ് സമര്‍പ്പിക്കുകയായിരുന്നു. അതേസമയം ഷമിയുടെ ആദ്യ വിവാഹം വിവാദങ്ങളാല്‍ നിറഞ്ഞതാണ്.

ഷമിയ്‌ക്കെതിരെ പരസ്ത്രീ ബന്ധമടക്കം ആദ്യ ഭാര്യ ആരോപിച്ചിരുന്നു. ഷമിയും മുന്‍ ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ വിവാദമായിരുന്നു. അതേസമയം ലോകകപ്പില്‍ ഇന്ത്യ സെമി പ്രവേശനം നേടിയിരിക്കുകയാണ്. മറ്റു ടീമുകളെ അപേക്ഷിച്ച് ശക്തമായ ആധിപത്യത്തോടെയാണ് ഇന്ത്യ സെമിയിലേക്കുള്ള ടിക്കറ്റ് എടുത്തിരിക്കുന്നത് എന്ന് നിസംശയം പറയാം. ടൂര്‍ണമെന്റിലെ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടപ്പെട്ടിട്ടും 16 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് ഷമി ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്. ഈ ലോകകപ്പിലെ മാത്രമല്ല, ഇതുവരെയുള്ള ലോകകപ്പുകളില്‍ തന്നെ ഇന്ത്യയ്ക്കായി ഒരു പേസര്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് മുഹമ്മദ് ഷമിയുടെ പ്രകടനത്തെ വിലയിരുത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൂടെയാണ് ഷമി ഇപ്പോൾ കടന്നു പോകുന്നതെന്ന് നിസ്സംശയം പറയാം. തന്നെ മാറ്റി നിര്‍ത്തിയവര്‍ക്കെല്ലാമുള്ള മറുപടി കൂടിയാണ് ഷമി തന്റെ തീ പാറുന്ന പ്രകടനത്തിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നത്. പോയന്‍റ് ടേബിളില്‍ ഒന്നാമതാണ് ഇന്ത്യ. പരാജയമറിയാതെയാണ് ഇന്ത്യ ഇതുവരേയും എത്തിയിരിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം.