ദുരിതത്തിലായ ജനങ്ങളെ സഹായിക്കണം ; ആരാധകരോട് വിജയ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിൽ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ നഗരം പൂർണ്ണമായും വെള്ളക്കെട്ടിലാണ്.മഴ തോർന്നിട്ടും പല സ്ഥലങ്ങളിലും വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ദുരിതാശ്വാസപ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള ആളപായമില്ല.ഇപ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായുണ്ടാവണമെന്ന് തന്റെ ആരാധക സംഘടനകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് നടൻ വിജയ് .എക്‌സിലൂടെയായിരുന്നു നടൻ ആരാധകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.വിജയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ആണ്. “ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ കനത്ത മഴയിൽ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെയും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ആയിരക്കണക്കിന് ആളുകൾ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ സഹായിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെയും നിരവധിപേർ അഭ്യർത്ഥിക്കുന്നു.

ഈ വേളയിൽ, ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ സന്നദ്ധപ്രവർത്തകരായി ഇറങ്ങണമെന്ന് എല്ലാ വിജയ് മക്കൾ ഇയക്കം ഭാരവാഹികളോടും വിനീതമായി അഭ്യർത്ഥിക്കുന്നു.” എന്നും നടൻ പറയുന്നു. കഴിഞ്ഞദിവസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നടന്മാരായ സൂര്യയും കാര്‍ത്തിയും രംഗത് എത്തിയിരുന്നു . വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിലാണ് നടന്മാർ ധനസഹായവുമായി രംഗത്ത് എത്തിയത് .തെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക നൽകിയിരിക്കുന്നത്.ഇരുവരുടെയും ഫാൻസ് ക്ലബ്ബുകൾ വഴിയാണ് ധനസഹായം എത്തുക.അതേസമയം ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ ചെന്നൈ കോർപറേഷനെതിരെ നടൻ വിശാൽ രംഗത്ത് എത്തിയിരുന്നു .വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന പ്രോജക്ട് നടപ്പിലാക്കിയോ എന്നും ഓരോ വര്ഷം കഴിയുംതോറും സ്ഥിതി വഷളാവുകയാണെന്നും നടൻ പറയുന്നു.എക്‌സിലൂടെയായിരുന്നു നടന്റെ പ്രതികരണം.

ഇതിനിടയില്‍ വെള്ളപ്പൊക്കത്തിൽ പെട്ടുപോയ  നടന്‍ വിഷ്ണു വിശാലിനെയും ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനെയും റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന അവസ്ഥയിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. കാരപ്പാക്കത്തുള്ള തന്റെ വീടിനുള്ളിലേക്ക് വെള്ളം കയറിത്തുടങ്ങിയെന്നും വൈദ്യുതിയും വൈഫൈയും ഇല്ലെന്നും ഈ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും വിഷ്ണു വിശാല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.വിഷ്ണു വിശാലിന്റെ പോസ്റ്റ് വൈറലായതോടെ അധികൃതര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നടനെയും പങ്കാളിയും കായിക താരവുമായ ജ്വാല ഗുട്ടയെയും പുറത്തെത്തിക്കുകയായിരുന്നു. നടനൊപ്പം തൊട്ടടുത്ത് താമസിച്ചിരുന്ന ആമിര്‍ ഖാനെയും ഇതോടൊപ്പം പുറത്തെത്തിച്ചു. ശേഷം രക്ഷാപ്രവര്‍ത്തകര്‍ക്കും തമിഴ്‌നാട് സര്‍ക്കാരിനും നന്ദി അറിയിച്ച് നടന്‍ മറ്റൊരു പോസ്റ്റും എക്‌സില്‍ പങ്കുവെച്ചു. കമല്‍ ഹാസന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആമിര്‍ തിരികെ മുംബൈയില്‍ പോകാതെ ചെന്നൈയില്‍ തുടരുകയാണ്. മുമ്പ് ആമിറിനൊപ്പമുള്ള ചിത്രങ്ങള്‍ വിഷ്ണു വിശാല്‍ പങ്കുവെച്ചിരുന്നു. അതെ സമയം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് തെന്നിന്ത്യൻ താരം കനിഹ തന്റെ അപ്പാർട്ട്മെന്റിൽ കുടങ്ങികിടക്കുകയാണ് എന്ന വിവരം സോഷ്യൽ മീഡിയയിൽ  പങ്കുവെച്ചിരുന്നു. പുറത്തിറങ്ങാൻ യാതൊരുവിധ നിവൃത്തിയില്ലെന്നും  ആരെങ്കിലും വന്ന് രക്ഷപ്പെടുത്തുക എന്നത് മാത്രമാണ് വഴിയെന്നും കനിഹ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിചിരുന്നു . അതിനു മുൻപുള്ള  ദിവസങ്ങളിലും കനിഹ ഇൻസ്റ്റഗ്രാമിലൂടെ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.