Film News

‘ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്, ഇങ്ങനെ പറഞ്ഞ ഒരാളെ കേൾക്കാൻ…’; ജിയോ ബേബിക്കെതിരെ എംഎസ്എഫ്

സംവിധായകൻ ജിയോ ബേബിയും ഫറൂഖ് കോളജുമായി ബന്ധപ്പെട്ട വിഷയം വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. തന്നെ ക്ഷണിച്ച ഒരു പരിപാടി മുന്നറിയിപ്പും നൽകാതെ റദ്ദാക്കിയെന്നും തന്റെ ധാർമിക മൂല്യങ്ങളാണ് പ്രശ്നമെന്ന് കോളേജ് യൂണിയൻ പറഞ്ഞെന്നും ജിയോ ബേബി വെളിപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇപ്പോൾ ഈ വിഷയത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പ്രതികരിച്ചിട്ടുണ്ട്. ജിയോ ബേബിക്ക് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

നവാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

“ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്”
“വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്”
“കുടുംബം ഒരു മോശം സ്ഥലമാണ്”
“എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്”
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല.

അതേസമയം, പരിപാടി റദ്ദാക്കിയതിനെ കുറിച്ചുള്ള തൻറെ ചോദ്യങ്ങൾക്ക് ഫറൂഖ് കോളേജ് മാനേജ്മെൻറ് മറുപടി നൽകിയിട്ടില്ലെന്ന് ജിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ താൻ അപമാനിതൻ ആയെന്നും നിമയനടപടി സ്വീകരിക്കുമെന്നും ജിയോ അറിയിച്ചിരുന്നു. ജിയോ ബേബിക്ക് ഐക്യദാർഢ്യവുമായി എസ്എഫ് ഐ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

Gargi