പിടിച്ചാൽ കിട്ടാത്ത തരത്തിലേക്ക് പ്രേമലുവിന്റെ കുതിപ്പ്! മൂന്നാം ആഴ്ചയിലെ കണക്ക് കണ്ട് കണ്ണുതള്ളി സിനിമാ ലോകം

Follow Us :

മലയാള സിനിമ വസന്ത കാലത്തിലേക്ക് തിരികെ വരുന്നുവെന്നാണ് പുതിയ സിനിമകളുടെ വിജയങ്ങൾ സൂചിപ്പിക്കുന്നത്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‍സ്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ സിനിമകൾക്കെല്ലാം മികച്ച പ്രതികരണം നേടാൻ സാധിച്ചു. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‍സ് എന്നീ സിനിമകൾ തമ്മിലുള്ള ശക്തമായ പോരാട്ടം തന്നെ ബോക്സ് ഓഫീസിൽ നടക്കുന്നുണ്ട്. എന്നാൽ, എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ടുള്ള കുതിപ്പാണ് പ്രേമലു നടത്തുന്നത്. മൂന്നാമാഴ്‍ചയിൽ പ്രേമലു ലോകമെമ്പാടുമായി 700 തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന എന്ന പുതിയ റിപ്പോർട്ട് ആണ് പുറത്ത് വന്നിട്ടുള്ളത്.

ആഗോളതലതലത്തിൽ പ്രേമലു നേരത്തെ 50 കോടി ക്ലബിൽ എത്തിയിരുന്നു. ബോളിവുഡ് നിർമാതാക്കളായ യാഷ്‍ രാജ് ഫിലിംസ് പ്രേമലുവിന്റെ യുകെയിലെയും യൂറോപ്പിലെയും വിതരണാവകാശം സ്വന്തമാക്കിയതോടെ ചിത്രത്തിന്റെ ഹൈപ്പ് കേരളത്തിൽ മാത്രമല്ലെന്ന് വ്യക്തമായി. ചെറിയ ബജറ്റിൽ ഒരുങ്ങിയ ഒരു ചിത്രമായിട്ടും പ്രേമലു എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ട്. 50 കോടി ഇതിനകം കടന്ന പ്രേമലു അസാധ്യമെന്ന് കരുതുന്ന പല കണക്കുകളിലേക്കും എത്തിയേക്കമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

‘തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ’ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ‘പ്രേമലു’ ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് പറയുന്നത്. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ നസ്‌ലൻ കെ ഗഫൂറും (Naslen K Gafoor) മമിത ബൈജുവുമാണ് (Mamitha Baiju) ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.