വാലിബനെ വെട്ടി, ഭ്രമയു​ഗത്തിന് പിടിക്കാൻ പറ്റുന്നില്ല..! പിള്ളേര് ഒന്നൊന്നര പൊളിയാട്ടോ, പ്രേമലുവിന്റെ വമ്പൻ കുതിപ്പ്

പുതിയ കാലത്തിലെ യുവത്വത്തിന്റെ പ്രസരിപ്പുമായി എത്തിയ പ്രേമലുവിന്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു. 50 കോടിയൊക്കെ നേരത്തെ ക‌‌ടന്ന ചിത്രം ഇപ്പോൾ മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷൻ കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി മറികടന്നിരിക്കുകയാണ്. വാലിബൻ ആകെ 30 കോടിയോളമാണ് നേടിയത് എന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിൽ നിന്ന് മാത്രം പ്രേമലു 30 കോടി രൂപയിൽ അധികം കളക്ഷൻ നേടിയിരിക്കുകയാണ്. ആഗോളതലത്തിൽ 60 കോടി എന്ന് നേട്ടത്തിലേക്ക് പ്രേമലു എത്തിക്കൊണ്ടിരിക്കുകയാണ്.

മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രം ഭ്രമയു​ഗത്തിന് പോലും പ്രേമലുവിന്റെ കുതിപ്പിനെ ഒന്ന് തൊടാനായിട്ടില്ല. ബോളിവുഡ് നിർമാതാക്കളായ യാഷ്‍ രാജ് ഫിലിംസ് പ്രേമലുവിന്റെ യുകെയിലെയും യൂറോപ്പിലെയും വിതരണാവകാശം സ്വന്തമാക്കിയതോടെ ചിത്രത്തിന്റെ ഹൈപ്പ് കേരളത്തിൽ മാത്രമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ചെറിയ ബജറ്റിൽ ഒരുങ്ങിയ ഒരു ചിത്രമായിട്ടും പ്രേമലു എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ട്. 50 കോടി ഇതിനകം കടന്ന പ്രേമലു അസാധ്യമെന്ന് കരുതുന്ന പല കണക്കുകളിലേക്കും എത്തിയേക്കമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

‘തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ’ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ‘പ്രേമലു’ ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് പറയുന്നത്. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ നസ്‌ലൻ കെ ഗഫൂറും (Naslen K Gafoor) മമിത ബൈജുവുമാണ് (Mamitha Baiju) ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.