Categories: Film News

അശ്വന്ത് കോക്കിനെതിരെ മന്ത്രിക്ക് പരാതി നൽകി നിർമാതാക്കളുടെ സംഘടന

ഓൺലൈൻ സിനിമ റിവ്യൂകളിലൂടെ ശ്രദ്ധേയനായ യൂട്യൂബ് വ്ലോഗർ അശ്വന്ത് കോക്കിനെതിരെ നിർമാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽ ചട്ടങ്ങൾ ലംഘിച്ചെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ ആരോപണം. നേരത്തെ വികലമായ സിനിമ റിവ്യു ആണ് അശ്വന്ത് കോക്ക് നടത്തുന്നതെന്നും അതിലൂടെ പണമുണ്ടാക്കുന്നതിനുമെതിരെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിന് പരാതി നൽകിയിരുന്നു.

എന്നാൽ, ഇതിൽ നടപടി ഒന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകുന്നതെന്നും മന്ത്രി ഉടൻ ഇടപെടണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടു.‌‌ ഇതിനിടെ സിനിമയെ മോശമാക്കാൻ സാമൂഹ്യ മാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് കേസെടുത്തിരുന്നു. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്. സിനിമ റിവ്യൂവും ഹൈക്കോടതിയുടെ ഇടപെടലും ഉൾപ്പെടെ ഈ വിഷയം വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Gargi