മമ്മൂട്ടിയുടെ പുതുചിത്രം ‘പുഴു’ റിലീസിന് ഒരുങ്ങുകയാണ്. പാര്‍വ്വതി തിരുവോത്താണ് ചിത്രത്തിലെ നായിക. വ്യത്യസ്ത കഥപറയുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ നോക്കക്കാണുന്നത്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിലടക്കം കൊഴുക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു പേരാണ് റത്തീന പി.ടി. ചിത്രത്തിന്റെ സംവിധായികയാണ് റത്തീന.
റത്തീനയുടെ ആദ്യ സംരംഭവവുമാണ് ചിത്രം. എങ്ങിനെയാവും ഒരു നവാഗത സംവിധായികയ്ക്ക് മമ്മൂട്ടിയെ പോലുള്ള തിരക്കേറിയ നടനിലേയക്ക് ആദ്യ പ്രൊജക്ടുമായി എത്തിച്ചേരാനായത് എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ഇതിനുള്ള മറുപടി റത്തീന തന്നെ പറയുന്നു.
ഒരു അഭിമുഖത്തിലായിരുന്നു റത്തീനയുടെ പ്രതികരണം. ‘പ്ലസ് ടു കാലഘട്ടത്തിലാണു സിനിമ തലയ്ക്കു പിടിക്കുന്നത്. അന്നൊക്കെ തിരക്കഥയെഴുത്തായിരുന്നു മെയിന്‍. അന്നും എന്റെ കഥകളില്‍ ഒരേയൊരു നായകനേയുള്ളൂ, മമ്മൂക്ക. എന്നാല്‍, പുഴുവിനു മുന്‍പ് ഒരിക്കല്‍പ്പോലും മമ്മൂക്കയോടൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.
അതിനാല്‍, മറ്റു സിനിമകളില്‍ ജോലി ചെയ്യുമ്പോഴും എങ്ങനെയും മമ്മൂക്കയിലേക്കെത്തുക എന്നതായിരുന്നു ലക്ഷ്യം. നിരന്തരശ്രമങ്ങളുടെ ഫലമായി മമ്മൂക്കയിലേക്കും അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിലേക്കും ഒരു എന്‍ട്രി കിട്ടുകയായിരുന്നു.
മമ്മൂട്ടിയെ കാണാനായി അദ്ദേഹത്തിന്റെ സെറ്റില്‍ കറങ്ങി നടന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. പത്ത് വര്‍ഷം മുമ്പത്തെ സംഭവമാണ്. മമ്മൂട്ടിയുടെ സെറ്റുകളില്‍ സ്ഥിരമായി എത്തുമായിരുന്നു. മമ്മൂക്കയുടെ നോട്ടമെത്തുന്നിടത്തായി നില്ക്കും. സെറ്റില്‍ വെറുതെ ചുറ്റിക്കറങ്ങി നടക്കും.
ഇടയ്ക്ക് മമ്മൂട്ടിയുടെ മൊബൈലിലേക്ക് മെസേജുകള്‍ അയച്ചിരുന്നതായും റത്തീന പറയുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ മമ്മൂട്ടി തന്നെ കണ്ട് സംസാരിക്കാന്‍ തയ്യാറായതായും. ‘ഞാനാണു സ്ഥിരമായി മമ്മൂക്കയ്ക്കു മെസേജുകള്‍ അയച്ചു വെറുപ്പിക്കുന്ന ആ ആള്’ എന്ന് താന്‍ സ്വയംപരിചയപ്പെടുത്തിയതായും റത്തീന പറഞ്ഞു. പിന്നാലെ ഒരാവശ്യം കൂടി ഉന്നയിച്ചു. എനിക്കു മമ്മൂക്കയെ വച്ചൊരു പടം ചെയ്യണം!, റത്തീന പറഞ്ഞു.