‘എങ്കളുടെ മനുഷ്യ ദൈവം സാര്‍ അവര്’!!! ഹൃദയങ്ങള്‍ കീഴടക്കി രാഘവ ലോറന്‍സ്

വെള്ളിത്തിരയിലെ സൂപ്പര്‍ഹീറോ മാത്രമല്ല നടന്‍ രാഘവ ലോറന്‍സ്, ജീവിതത്തിലെയും ഹീറോയാണ് താരം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിലുണ്ടാകും. ഇപ്പോഴിതാ താരത്തിന്റെ കാരുണ്യ മനസ്സിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ചിരിക്കുകയാണ് താരം.

ഭിന്നശേഷിക്കാരായ 13 കുട്ടികള്‍ക്കാണ് താരം സ്‌കൂട്ടര്‍ സമ്മാനിച്ചത്. സ്‌കൂട്ടര്‍ നല്‍കുന്നതിന്റെ വിഡിയോ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ ലോറന്‍സ് പങ്കുവച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഇവര്‍ക്ക് വീടും യാത്ര ചെയ്യാന്‍ വാഹനവും നല്‍കുമെന്ന് താരം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് സ്‌കൂട്ടറുകള്‍ നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു.

‘എങ്കളുടെ മനുഷ്യ ദൈവം സാര്‍ അവര്’ എന്നാണ് സ്‌കൂട്ടര്‍ ഏറ്റുവാങ്ങിയവര്‍ താരത്തിനെ പ്രശംസിക്കുന്നത്. അവര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും താരം പറയുന്നു.