Film News

‘ഒരു കുഞ്ഞു ചിത്രം സൃഷ്ടിക്കുന്ന അദ്ഭുതം, അത് ഇന്ന് തീയേറ്ററില്‍ കണ്ടു’

അകാലത്തില്‍ അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ തിരക്കഥയെഴുതി ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു സര്‍ക്കാര്‍ ഉല്‍പന്നം’. റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ നിരവധി പ്രതിസന്ധികള്‍ നേരിട്ട ചിത്രത്തിന് ആദ്യമിട്ട ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പന്നം എന്ന പേര് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ഭാരതം വെട്ടി മാറ്റി സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന് മാറ്റിയിരുന്നു. റിലീസ് ചെയ്യുന്നതിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തന്റെ സ്വപ്ന ചിത്രം തീയറ്ററിലെത്തുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ തിരക്കഥാകൃത്ത് വിടപറഞ്ഞത്. തന്റെ പേര് എന്നെന്നും ഓര്‍ത്തിരിക്കാന്‍ മൂല്യമുള്ള സാമൂഹ്യ പ്രാധാന്യമുള്ള ഒരു സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് നിസാം വിട പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു കുഞ്ഞു ചിത്രം സൃഷ്ടിക്കുന്ന അദ്ഭുതം, അത് ഇന്ന് തീയേറ്ററില്‍ കണ്ടു’വെന്നാണ് രാഹുല്‍ രാജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

ഒരു കുഞ്ഞു ചിത്രം സൃഷ്ടിക്കുന്ന അദ്ഭുതം. അത് ഇന്ന് തീയേറ്ററില്‍ കണ്ടു. ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന സിനിമയേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. വിവാദങ്ങളും വാര്‍ത്തകളുമായി ആ സിനിമ കുറച്ച് ദിവസങ്ങളായി പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നല്ലൊ. അത് കണ്ടാണ് ചിത്രം കാണാന്‍ പോയത്.
തുടക്കത്തിലെ ചെറിയ ലാഗ് കടന്ന് കിട്ടിയാല്‍ ഫസ്റ്റ് ഹാഫ് നല്ല ചിരിയുണ്ടായിരുന്നു. അപ്പോഴും ഏത് വഴിക്കാണ് പടം പോകുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല. സെക്കന്റ് ഹാഫില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പടം ഇമോഷണലാകും. കരയാതെ പിടിച്ച് നില്‍ക്കാന്‍ വല്ലാതെ വിഷമിച്ചു.
പിന്നെ ക്ലൈമാക്സ്… ഒന്നും പറയാനില്ല. . ലാല്‍ ജോസ് ഇനി അഭിനയ രംഗത്ത് ഒരു പൊളി പൊളിക്കുമെന്നാണ് തോന്നുന്നത്. സുബീഷ് സുബി എന്ന നടന്‍ നായകനായി കേറിവരും എന്നതും ഉറപ്പാണ്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാലോ എന്ന് കരുതി ക്രെഡിറ്റില്‍ നോക്കിയപ്പോള്‍ എ ടീം എന്നാണ് കണ്ടത്. ജയ ജയ ജയ ഹേ ഒക്കെ ചെയ്ത അങ്കിത് മേനോനാണ് ഈ ടീമിനെ ലീഡ് ചെയ്യുന്നത് എന്നാണറിഞ്ഞത്. ഇത് ഒരു ചെറിയ സിനിമയാണെന്ന് കരുതി കാണാതിരിക്കണ്ട മച്ചാന്‍മാരേ… സിനിമ മനുഷ്യരെ ഇമോഷണലായി കണക്ട് ചെയ്യുന്നത് എങ്ങനെയെന്ന് ഇരുണ്ട കുഞ്ഞു ഹാളില്‍ ഇരുന്ന് ഞാന്‍ ഇന്ന് കണ്ടതാണ്.

Ajay Soni