ഭോജ്പുരിയില്‍ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമൊരുക്കി പ്രശസ്ത മലയാളി സംവിധായകന്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭോജ്പുരി സിനിമാ വ്യവസായം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭോജ്പുരിയില്‍ നിന്നും ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം പുറത്തുവരാന്‍ പോവുകയാണ്. ഗോരഖ്പൂരിലെ എംപിയും ഭോജ്പുരി സിനിമയിലെ മെഗാസ്റ്റാറുമായ രവി കിഷന്‍ ശുക്ലയുടെ ‘മഹാദേവ് കാ ഗോരഖ്പൂര്‍’ എന്ന ചിത്രമാണ് ഭോജ്പുരി സിനിമാ വ്യവസായത്തെ രാജ്യമൊട്ടുക്കെ ശ്രദ്ധിക്കപ്പെടാനിടയാക്കുന്നത്.

ജയസൂര്യയെ നായകനാക്കി ഒരുക്കിയ തൃശ്ശൂര്‍ പൂരം ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് മോഹനന്‍ ‘മഹാദേവ് കാ ഗോരഖ്പൂരിന്റെ’ സംവിധായകന്‍.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘മഹാദേവ് കാ ഗോരഖ്പൂര്‍’ എന്ന ചിത്രത്തിലൂടെ രവി കിഷന്റെ വേറിട്ടൊരു ശൈലിയാണ് ആരാധകര്‍ക്ക് കാണാന്‍ കഴിയുക. ഭോജ്പുരിയില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭോജ്പുരി, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് തുടങ്ങി 6 ഭാഷകളില്‍ ഈ ചിത്രം പുറത്തിറങ്ങും.

Rajesh Mohanan

ഈ ചിത്രം ലോകത്തില്‍ ഭോജ്പുരി ഭാഷയ്ക്ക് വ്യത്യസ്തമായ ഒരു ഐഡന്റിറ്റി നല്‍കുമെന്ന് രവി കിഷന്‍ ശുക്ല പറയുന്നു. സിനിമയുടെ നിര്‍മ്മാതാക്കള്‍ ആദ്യം ആഗ്രഹിച്ചത് ചിത്രം കേരളത്തില്‍ ചിത്രീകരിക്കാനാണ്. ഞാന്‍ അവരോട് ഗോരഖ്പൂരില്‍ ഷൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. അവര്‍ ഇവിടെ വന്ന് ഇവിടുത്തെ ലൊക്കേഷന്‍ ഇഷ്ടപ്പെട്ടു. ഈ ചിത്രത്തിന്റെ പേരും വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സിനിമയിലെ 60 ശതമാനത്തിലധികം അഭിനേതാക്കളും നാട്ടുകാരാണ്. ആളുകള്‍ക്ക് ഈ സിനിമയിലൂടെ തൊഴില്‍ ലഭിക്കുന്നു. അഭിനയത്തിന് ഉണര്‍വ് ലഭിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ടീം ഇവിടെ വന്ന് പ്രവര്‍ത്തിക്കുന്നു, ഇത് ഗോരഖ്പൂരിനും പൂര്‍വാഞ്ചലിനും അഭിമാനകരമാണ്. ഗോരഖ്പൂരില്‍ നിന്നും നേപ്പാള്‍, കുശിനഗര്‍ എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും. 12 മുതല്‍ 15 കോടി വരെയാണ് ഈ ചിത്രത്തിന്റെ ബജറ്റെന്നും ഭോജ്പുരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നും എംപി രവി കിഷന്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും നേതൃത്വത്തില്‍ സിനിമാ മേഖല മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക ചലച്ചിത്ര വ്യവസായം ഉടന്‍ രൂപീകരിക്കുമെന്നും എം പി കൂട്ടിച്ചേര്‍ത്തു. പ്രമോദ് പഥക് (ഹിന്ദി), ലാല്‍ (മലയാളം), രാജശ്രീ പൊന്നപ്പ (കന്നഡ), കിഷോര്‍ (തമിഴ്) മാനസി സെഹ്ഗാള്‍ (മുന്‍ മിസ്. ഡല്‍ഹി), സുശീല്‍ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. അമ്പാടി കെ എഴുതിയ കഥയാണ് രാജേഷ് മോഹനന്‍ സിനിമയാക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: എ.കെ രജിലേഷ്, സംഗീതം: അഹം അഗര്‍വാള്‍, ഛായാഗ്രഹണം: അരവിന്ദ് സിംഗ്, മേക്കപ്പ്: പ്രദീപ് തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

Gargi